കണ്ണിറുക്കൽ മുതൽ ഫ്ലയിങ് കിസ്സ് വരെ; രാഹുൽ ഗാന്ധിയും പാർലമെന്റ് വിവാദങ്ങളും

കണ്ണിറുക്കൽ മുതൽ ഫ്ലയിങ് കിസ്സ് വരെ; രാഹുൽ ഗാന്ധിയും പാർലമെന്റ് വിവാദങ്ങളും

2018ല്‍ മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതും കണ്ണിറുക്കി കാണിച്ചതുമെല്ലാം വാർത്തകളിലിടം പിടിച്ചിരുന്നു.
Updated on
3 min read

എംപിയായി തിരിച്ചെടുത്ത ശേഷം പാർലമെന്റിൽ കന്നി പ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിവാദത്തിലായിരിക്കുകയാണ്. കുപ്രസിദ്ധമായ ആലിംഗനത്തിനും കണ്ണിറുക്കലിനും ശേഷം, രാഹുൽ ഗാന്ധി ഇപ്പോൾ നേരിടുന്ന ആരോപണം ഫ്ലയിങ് കിസ്സാണ്. പ്രസംഗം കഴിഞ്ഞ് ലോക്സഭ വിട്ടുപോകുന്നതിനിടെ വനിത അംഗങ്ങള്‍ക്ക് നേരെ ഫ്ലയിങ് കിസ് നല്‍കിയെന്നാണ് പരാതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുയർത്തിയത്. ആരോപണങ്ങൾ നിഷേധിച്ച കോൺഗ്രസ്, രാഹുൽ ട്രഷറി ബെഞ്ചുകൾക്ക് നേരെ ആംഗ്യം കാണിച്ചതാണെന്നും ഇത് പ്രത്യേകിച്ച് ഒരു മന്ത്രിയോടോ എംപിയോടോ അല്ലെന്നും പറഞ്ഞു.

എന്നാൽ ഇത് ആദ്യമായല്ല രാഹുൽ ഗാന്ധി ഇത്തരം വിവാദത്തിൽപെടുന്നത്. നേരത്തെ പലതവണ രാഹുൽ പാർലമെന്റിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2018ല്‍ മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതും കണ്ണിറുക്കി കാണിച്ചതുമെല്ലാം വാർത്തകളിലിടം പിടിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത് രാഹുൽ ഗാന്ധി

2018 ജൂലൈയിൽ, കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച നടക്കുമ്പോൾ, രാഹുൽ ഗാന്ധി തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്ക് നടന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു. രാഹുലിന്റെ ഈ പ്രവൃത്തി സഭയെ ആകെ ഞെട്ടിച്ചിരുന്നു.

കണ്ണിറുക്കൽ

പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത് തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോൾ, തന്റെ സഹ കോൺഗ്രസ് എംപിമാർക്ക് നേരെ രാഹുൽ കണ്ണിറുക്കുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു.

അടുത്ത വർഷം ഫെബ്രുവരിയിൽ, 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റിനെ അഭിസംബോധന ചെയ്ത മോദി, രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് സംഭവം ഓർമിപ്പിച്ചിരുന്നു.

അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ പോസ്റ്റർ

അദാനി ഹിൻഡൻബർഗ് വിഷയത്തിൽ മോദി സർക്കാരിനെതിരെ ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു അടുത്ത സംഭവം. നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ലോക്‌സഭയിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയും ലോക്സഭയിൽ പ്രദർശിപ്പിച്ചു. എന്നാൽ ഇത്തരം ചിത്രങ്ങൾ ഒഴിവാക്കാനായിരുന്നു സ്പീക്കർ ഓം ബിർളയുടെ മറുപടി.

ഇത്തരം ചിത്രങ്ങൾക്ക് മറുപടിയായി ബിജെപിക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെയും ഗൗതം അദാനിയുടെയും ചിത്രം കാണിക്കാവുന്നതേ ഉള്ളുവെന്നും സ്പീക്കർ ഓർമപ്പെടുത്തി.

'അയോഗ്യനാക്കപ്പെട്ട' എംപി

ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തേക്ക് സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് രാഹുലിന്റെ പാർലമെന്റ് അംഗത്വം ലോക്സഭ സെക്രട്ടേറിയറ്റ് മാർച്ചിൽ റദ്ദാക്കിയിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ കർണാടകയിൽ നടത്തിയ രാഷ്ട്രീയ പ്രസംഗത്തെ ആധാരമാക്കിയായിരുന്നു ക്രിമിനൽ മാനനഷ്ടക്കേസ്. 'എന്തുകൊണ്ട് എല്ലാ കള്ളന്മാരുടെയും പേര് മോദി എന്നായി' എന്നായിരുന്നു രാഹുലിന്റെ പരാമർശം.

എന്നാൽ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ തന്റെ പ്രൊഫൈൽ ബയോ പാർലമെന്റ് അംഗം എന്നതിന് പകരമായി (അ)യോഗ്യനാക്കപ്പെട്ട എംപി (Dis'Qualified MP) എന്ന് മാറ്റിയിരുന്നു.

കണ്ണിറുക്കൽ മുതൽ ഫ്ലയിങ് കിസ്സ് വരെ; രാഹുൽ ഗാന്ധിയും പാർലമെന്റ് വിവാദങ്ങളും
ചന്ദ്രയാൻ-3 ന് റഷ്യയുടെ ചെക്ക്; ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ ദൗത്യമാകാന്‍ ലൂണ -25

വേറിട്ട പ്രതിഷേധ പ്രകടനങ്ങൾ

2021 ഓഗസ്റ്റിൽ, ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വിലവർധനവിനെതിരെ രാഹുൽ ഗാന്ധി തന്റെ പാർട്ടി സഹപ്രവർത്തകരും പ്രതിപക്ഷ നേതാക്കളോടുമൊപ്പം പാർലമെന്റിലേക്ക് സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമായി മാറണമെന്നായിരുന്നു പ്രതിപക്ഷത്തോടുള്ള രാഹുലിന്റെ ആഹ്വാനം.

ആ വർഷം ജൂലൈയിൽ, കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കർഷകരെ പിന്തുണയ്ക്കാൻ ഗാന്ധി പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ചു. പഞ്ചാബ്, ഹരിയാന എംപിമാർക്കൊപ്പം ബാനറും മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു പ്രതിഷേധം. എന്നാൽ, ക്രിമിനൽ നടപടി ചട്ടം (സിആർപിസി) സെക്ഷൻ 144 പ്രകാരമുള്ള പ്രദേശമായതിനാൽ പോലീസ് ട്രാക്ടർ പിടിച്ചെടുത്തു.

logo
The Fourth
www.thefourthnews.in