'പകവീട്ടി' രാഹുലും മഹുവയും; രാജ്യസഭയില്‍ ഖാര്‍ഗെയുടെ 'വിളയാട്ടം', ചോദിക്കാന്‍ ആളുണ്ടെന്ന് പ്രതിപക്ഷം
നരേന്ദ്രമോദിയ്ക്കും സഹപ്രവർത്തകർക്കും ഇത് ആദ്യത്തെ അനുഭവമായിരുന്നു. സഭയിൽ പ്രതിരോധത്തിലാകുക. ചോദ്യങ്ങൾക്കുമുന്നിൽ നിസ്സാഹയരാക്കപ്പെടുക. അതാണ് ഇന്ന് കണ്ടത്. താൻ ഒരു സാധാരണ ജന്മമല്ല, ദൈവം അയച്ചതാണെന്ന് പറഞ്ഞ മോദിയെ രാഹുൽ കണക്കിന് പരിഹസിച്ചപ്പോൾ ഭരണപക്ഷം എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി.
പകവീട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടതുപോലെയായിരുന്നു ലോക്‌സഭയില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ പ്രകടനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീഴ്ചകളും പ്രശ്‌നങ്ങളും എണ്ണിയെണ്ണി പറഞ്ഞുള്ള പ്രസംഗം. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം പ്രതിപക്ഷം കയ്യടക്കുന്ന കാഴ്ചയാണ് പാര്‍ലമെന്റില്‍ കാണുന്നത്. പ്രതിപക്ഷ നേതാവായതിന് ശേഷം തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ രാഹുല്‍ നിലപാട് വ്യക്തമാക്കി, കത്തിക്കയറാന്‍ തന്നെയാണ് തീരുമാനം. മഹുവ മൊയ്ത്ര കൂടി കൂട്ടിനെത്തിയപ്പോള്‍, സഭയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തേക്ക്. ''കഴിഞ്ഞിട്ടില്ല, എന്റെ പ്രസംഗം കൂടി കേട്ടിട്ടു പോകൂ''വെന്ന് മഹുവയുടെ പരിഹാസം. ഈ തിങ്കളാഴ്ച നരേന്ദ്ര മോദിക്ക് നല്ല ദിവസമായിരുന്നില്ല.
നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷത്തിന് സ്പീക്കര്‍ ഓം ബിര്‍ള അനുമതി നല്‍കിയല്ല. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ചയില്‍ രാഹുല്‍ തന്റെ 'മോദി വധം' ആരംഭിച്ചു. ഇതുവരെ സഭയില്‍ കണ്ടിട്ടില്ലാത്ത തരത്തില്‍ രാഹുല്‍ കത്തിക്കയറി. എന്താണ് സംഭവിക്കുന്നതറിയാതെ പകച്ചുപോയ ഭരണപക്ഷം, യാഥാര്‍ത്ഥ്യം മനസിലാക്കി വരുമ്പോഴേക്കും രാഹുല്‍ തന്റെ വെടിക്കെട്ടിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കിയിരുന്നു.
നരേന്ദ്ര മോദിക്ക് മാത്രമല്ല, അമിത് ഷായ്ക്കും കിരണ്‍ റിജിജുവിനും രാജ്‌നാഥ് സിങിനും വരെ രാഹുലിന്റെ കടുത്ത വിമര്‍ശനത്തിന്റെ ചൂടേറ്റുവാങ്ങേണ്ടിവന്നു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും പ്രതിപക്ഷ നേതാവിന്റെ വക പരിഹാസം ലഭിച്ചു. തനിക്ക് കൈ തന്നപ്പോള്‍ നിവര്‍ന്നുനിന്ന സ്പീക്കര്‍ നരേന്ദ്ര മോദിക്ക് കൈകൊടുത്തപ്പോള്‍ തലകുനിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. രാഹുലിന്റെ വിമര്‍ശനത്തേയും പരിഹാസത്തേയും ചെറുക്കാന്‍ ഭരണപക്ഷ എംപിമാര്‍ ഒന്നടങ്കം രംഗത്തെത്തി. അമിത് ഷാ മുതല്‍ രാജ്‌നാഥ് സിങുവരെ മാറിമാറി പ്രതിരോധിക്കാന്‍ ശ്രമിച്ചു.
നോട്ട് നിരോധനം മുതല്‍, കര്‍ഷക പ്രശ്‌നങ്ങളും പരീക്ഷാ തട്ടിപ്പും വരെ എണ്ണിയെണ്ണി പറഞ്ഞ രാഹുല്‍, പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ശത്രുക്കളല്ലെന്ന് മനസിലാക്കണമെന്ന് മോദിക്ക് ഉപദേശം നല്‍കിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
ആദ്യം ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിക്കാട്ടിയ രാഹുല്‍, പിന്നീട് പ്രസംഗത്തിനിടെ ദൈവങ്ങളുടെ ചിത്രങ്ങളും ഉയര്‍ത്തിക്കാട്ടി. മതമൈത്രിയെ കുറിച്ച് സംസാരിക്കാന്‍ ബിജെപിക്ക് അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു രാഹുല്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. പരമശിവന്‍, ക്രിസ്തു, ഇസ്ലാമിക മത ചിഹ്നം, ഗുരു നാനാക്കിന്റെ ചിത്രം എന്നിവയാണ് രാഹുല്‍ ഉയര്‍ത്തിക്കാട്ടിയത്. പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയുള്ള രാഹുലിന്റെ പ്രസംഗം ബിജെപിയെ ചൊടിപ്പിച്ചു. പ്രസംഗത്തിനിടെ ഇടപെട്ട് വിഷയം മാറ്റാന്‍ മോദി ശ്രമം നടത്തിയെങ്കിലും രാഹുല്‍ രണ്ടുംകല്‍പ്പിച്ചായിരുന്നു. ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നമെന്നു പറഞ്ഞ രാഹുല്‍, ദൈവവുമായി മോദിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പരിഹസിച്ചു.
ഹിന്ദുവെന്ന പറഞ്ഞ് കൊണ്ട് ചിലർ ആക്രമണത്തെ കുറിച്ചാണ് എപ്പോഴും സംസാരിക്കുന്നതെന്ന രാഹുലിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് മോദിയും അമിത് ഷായും മറ്റു ബിജെപി അംഗങ്ങളും രംഗത്തെത്തി. ഹിന്ദുക്കളെ അക്രമികളെന്ന് രാഹുല്‍ വിളിച്ചെന്നും അത് ഗൗരവതരമെന്നും നരേന്ദ്ര മോദി പറഞ്ഞു. രാഹുല്‍ മാപ്പ് പറയണമെന്നും അഭയമുദ്രയെപ്പറ്റി പറയാന്‍ രാഹുലിന് അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു. മോദിയോ ആർഎസ്എസ്സോ ബിജെപിയോ ഹിന്ദുക്കളെ ആകെ പ്രതിനിധീകരിക്കുന്നില്ലെന്ന രാഹുലിൻ്റെ മറുപടിയും ഏറെ കൈയടി നേടി. സാമൂഹ്യ മാധ്യമങ്ങളിൽ ഈ പ്രസംഗ ശകലങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.
''അയോധ്യയില്‍ മത്സരിക്കാന്‍ മോദി ആലോചിച്ചു. എന്നാല്‍ തോല്‍ക്കുമെന്നു കരുതി പിന്മാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയില്‍ ബിജെപി തോറ്റു. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാല്‍ അയോധ്യ നിവാസികള്‍ ഉണ്ടായിരുന്നില്ല. ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല'' രാഹുല്‍ ഗാന്ധി.
നോട്ട് നിരോധനം മുതല്‍, കര്‍ഷക പ്രശ്‌നങ്ങളും പരീക്ഷാ തട്ടിപ്പും വരെ എണ്ണിയെണ്ണി പറഞ്ഞ രാഹുല്‍, പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ശത്രുക്കളല്ലെന്ന് മനസിലാക്കണമെന്ന് മോദിക്ക് ഉപദേശം നല്‍കിയാണ് പ്രസംഗം അവസാനിപ്പിച്ചത്. ഭരണത്തില്‍ സഹായിക്കാനാണ് തങ്ങള്‍ സഹായിക്കുന്നതെന്നും പ്രതിപക്ഷത്തെ ശത്രുക്കളായി കാണുന്ന സമീപനം ബിജെപി മാറ്റണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
''കഴിഞ്ഞതവണ ഇവിടെ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഒരു എംപിയുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് ഭരണകക്ഷിക്ക് വലിയ വിലയാണ് നല്‍കേണ്ടിവന്നത്',
മഹുവ മൊയ്ത്ര
രാഹുലിന് പിന്നാലെ മഹുവ
ഒരു വെടിക്കെട്ട് തീര്‍ന്നതിന്റെ ആശ്വാസത്തില്‍ നരേന്ദ്ര മോദി ദീര്‍ഘനിശ്വാസം വിടുന്നതിന് മുന്‍പുതന്നെ, മഹുവ മൊയ്ത്ര അടുത്ത വെടിക്കെട്ടിന് തിരികൊളുത്തി. തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ച ബിജെപിയെ ജനം നിശബ്ദരാക്കി എന്നായിരുന്നു മഹുവയുടെ പരിഹാസം. ''കഴിഞ്ഞതവണ ഇവിടെ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഒരു എംപിയുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് ഭരണകക്ഷിക്ക് വലിയ വിലയാണ് നല്‍കേണ്ടിവന്നത്', മഹുവ പറഞ്ഞു.
സ്വതസിദ്ധ ശൈലിയില്‍ ആളി കത്തിയ മഹുവ, പാബ്ലോ നെരൂദയുടെ ''വരൂ ഈ തെരുവകളിലെ രക്തം'' കാണൂ എന്ന വിഖ്യാത വരികളും പാര്‍ലമെന്റില്‍ പ്രയോഗിച്ചു. മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ വിമര്‍ശനം. മഹുവ പ്രസംഗിക്കാന്‍ എഴുന്നേറ്റതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സഭ വിട്ടു. ഇത് ശ്രദ്ധിച്ച മഹുവ, '' സര്‍ എന്നെക്കൂടി കേട്ടിട്ടുപോകൂ'' എന്ന് പരിഹസിച്ചു. രാഹുലിന്റെ പാത പിന്തുടര്‍ന്ന് സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനങ്ങളേയും ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ വിമര്‍ശനം. പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് പതിനേഴാം ലോക്‌സഭയില്‍ നിന്ന് മഹുവയെ അയോഗ്യയാക്കിയിരുന്നു. അടുത്ത ലോക്‌സഭയിലും താനുണ്ടാകുമെന്ന് ബിജെപിയെ വെല്ലുവിളിച്ചാണ് അന്ന് മഹുവ പാര്‍ലമെന്റ് വിട്ടത്.
രാജ്യസഭയില്‍ ഖാര്‍ഗെയുടെ 'വിളയാട്ടം'
ലോക്‌സഭയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് എതിരെയായിരുന്നു ഖാര്‍ഗെയുടെ തുറന്നടി. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിര്‍ബന്ധിച്ച് പാസാക്കിയതാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പുതിയ നിര്‍ബന്ധിത നിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കാന്‍ ഇന്ത്യാ സഖ്യം അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 146 എംപിമാരെ സസ്പെന്‍ഡ് ചെയ്ത ശേഷം പാസാക്കിയെടുത്തതാണ് ഈ നിയമം. അതാണ് ഇന്ന് മുതല്‍ നടപ്പാക്കിയത്. പാര്‍ലമെന്ററി സംവിധാനത്തില്‍ ഈ 'ബുള്‍ഡോസര്‍ നീതി' നിലനില്‍ക്കാന്‍ ഇന്ത്യാ സഖ്യം അനുവദിക്കില്ല,' ഖാര്‍ഗെ പറഞ്ഞു.
കൃത്യമായ ഹോം വര്‍ക്ക് നടത്തിയതിന് ശേഷമാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് ഇരു സഭകളിലും എത്തിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതിപക്ഷ നിരയുടെ പ്രകടനം. നീറ്റ് വിഷയം ഉയര്‍ത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചപ്പോള്‍, അതില്‍ മാത്രം പ്രതിഷേധം ഒതുങ്ങുമെന്ന് കണക്കുകൂട്ടിയിടത്താണ് ബിജെപിക്ക് ഇന്ന് പിഴച്ചത്. ഒരു വിഷയം മാത്രം ഉയര്‍ത്തി പ്രതിഷേധിക്കുക എന്നതായിരുന്നു കഴിഞ്ഞ സമ്മേളന കാലയളവുകളില്‍ സാധാരണ പ്രതിപക്ഷത്തിന്റെ രീതി. നീറ്റ് വിഷയത്തില്‍ മറുപടികള്‍ പ്ലാന്‍ ചെയ്ത് എത്തിയ ഭരണപക്ഷത്തിന് മുന്നില്‍, പക്ഷേ, രാഹുല്‍ നോട്ട് നിരോധനം മുതലുള്ളവയുടെ കെട്ടഴിച്ചുവിട്ടു. ഒരുവിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് രാഹുല്‍ കടന്നുകയറിക്കൊണ്ടേയിരുന്നു.
ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അമിത് ഷായ്ക്ക് പ്രതിരോധിക്കാന്‍ എഴുന്നേല്‍ക്കേണ്ടിവന്നു. കര്‍ഷക പ്രശ്‌നം ഉയര്‍ത്തിയപ്പോള്‍, കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. അഗ്നിവീര്‍ പദ്ധതിയെ കുറിച്ച് വിമര്‍ശനം കടുത്തപ്പോള്‍ അമിത് ഷായും രാജ്‌നാഥ് സിങും ഒരുമിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് കോണ്‍ഗ്രസ് എംപിമാര്‍ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നു. സമ്മേളനം ആരംഭിക്കുന്നതന് മുന്‍പ് മൂന്നുതവണയാണ് ഖാര്‍ഗെ എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.
ബിജെപിയുടെ പദ്ധതികള്‍ ഇനിയെന്തായിരിക്കും എന്നതാണ് കൗതുകം ഉയര്‍ത്തുന്നത്. മതിയായ മുന്നൊരുക്കമില്ലാതെ വിമര്‍ശനങ്ങളില്‍ മറുപടി പറയാന്‍ കഴിവില്ലാത്ത നേതാവാണ് നരേന്ദ്ര മോദി. അമിത് ഷായുടെ പ്രതിരോധവും ഇന്ന് വിഫലമായി. എന്നാല്‍, രാജ്‌നാഥ് സിങ് ഇക്കാര്യത്തില്‍ വ്യത്യസ്തനാണ്. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന ഭാഷയില്‍ മറുപടി നല്‍കാനും ഉടനടി പ്രതികരിക്കാനും രാജ്‌നാഥിന് സാധിക്കും. മോദി പകയ്ക്കുകയും അമിത് ഷാ വിയര്‍ക്കുകയും ചെയ്ത പ്രതിപക്ഷ ആക്രമണത്തില്‍, അല്‍പ്പമെങ്കിലും പിടിച്ചുനിന്നത് രാജ്‌നാഥ് സിങാണ്. വരും ദിനങ്ങളില്‍ പാര്‍ലമെന്റിലെ പ്രകടനത്തില്‍ മോദിയെ രാജ്‌നാഥ് സിങ് കടത്തിവെട്ടുമോ എന്നും നോക്കിക്കാണേണ്ടതാണ്.