ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറില്ലെന്ന് രാഹുൽ; സൂര്യനെയും ചന്ദ്രനെയും സത്യത്തെയും അധികനാൾ മറയ്ക്കാനാവില്ലെന്ന് പ്രിയങ്ക

ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറില്ലെന്ന് രാഹുൽ; സൂര്യനെയും ചന്ദ്രനെയും സത്യത്തെയും അധികനാൾ മറയ്ക്കാനാവില്ലെന്ന് പ്രിയങ്ക

അപകീർത്തിക്കേസിൽ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ്
Updated on
1 min read

അപകീർത്തിക്കേസിൽ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ്. വിധി പകർപ്പ് ലഭിക്കുന്നതോടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വൈകാതെ തന്നെ ലോക്സഭാ സ്പീക്കറെ കാണും. രാഹുലിന്റെ അയോഗ്യത നീക്കാൻ ആവശ്യപ്പെട്ടാകും കൂടിക്കാഴ്ച.

തന്റെ ഉത്തരവാദിത്വത്തിൽനിന്ന് പിന്മാറില്ലെന്നായിരുന്നു വിധിയോട് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും രാഹുൽ നന്ദി അറിയിച്ചു.

ഒരു ശക്തിക്കും ജനങ്ങളുടെ ശബ്ദത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി . വിദ്വേഷത്തിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയമാണിതെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ബുദ്ധവചനം ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധി വിധിയെ സ്വാഗതം ചെയ്തത്. സൂര്യനെയും ചന്ദ്രനെയും സത്യത്തെയും അധികനാള്‍ മറച്ചുവയ്ക്കാനാവില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. സുപ്രീംകോടതിയോട് പ്രിയങ്ക ഗാന്ധി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഭരണഘടനയും ജനാധിപത്യവും സാധാരണക്കാരായ ജനങ്ങളും വിജയിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമായാണ് സുപ്രീംകോടതി വിധിയെ കാണുന്നതെന്നും ഖാർഗെ വ്യക്തമാക്കി.

സത്യത്തിന്റെയും നീതിയുടെയും വിജയമാണ് കോടതി വിധിയെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ബിജെപിക്ക് കോടതിവിധി വലിയ തിരിച്ചടിയാണെന്നും രാഹുല്‍ ഗാന്ധിയെ താഴ്ത്തികെട്ടാനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in