പാർലമെന്ററി സമിതി യോഗത്തില്‍ രാഹുലിനെതിരെ ബിജെപി എംപിമാര്‍; ചർച്ച ചെയ്യേണ്ട വേദി ഇതല്ലെന്ന് വിദേശകാര്യമന്ത്രി

പാർലമെന്ററി സമിതി യോഗത്തില്‍ രാഹുലിനെതിരെ ബിജെപി എംപിമാര്‍; ചർച്ച ചെയ്യേണ്ട വേദി ഇതല്ലെന്ന് വിദേശകാര്യമന്ത്രി

ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാണ് താന്‍ ഉത്തരം പറഞ്ഞതെന്ന് രാഹുല്‍
Updated on
1 min read

ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിലും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഭരണപക്ഷം. രാഹുലിന്റെ ലണ്ടന്‍ പരാമര്‍ശത്തെ ചൊല്ലിയായിരുന്നു വിമര്‍ശനം. നേരത്തെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയാതെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു.

യോഗത്തിന്റെ തുടക്കത്തില്‍ ജി20 പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും പിന്നീട് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ചര്‍ച്ചയായി

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അധ്യക്ഷനായ പാര്‍ലമെന്ററി കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റി ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. തുടക്കത്തില്‍ ജി20 അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും പിന്നീട് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവും ചര്‍ച്ചയാവുകയായിരുന്നു. ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിനിടെ ഇന്ത്യന്‍ ജനാധിപത്യം സമ്മര്‍ദത്തിലാണെന്നും പ്രതിപക്ഷ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നുമുള്ള രാഹുലിന്റെ പ്രസംഗമാണ് ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാണ് താന്‍ ഉത്തരം പറഞ്ഞതെന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയ വിശദീകരണം. അതിന്റെ പേരില്‍ തന്നെ ദേശവിരുദ്ധനെന്ന് മുദ്ര കുത്താനാകില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പാർലമെന്ററി സമിതി യോഗത്തില്‍ രാഹുലിനെതിരെ ബിജെപി എംപിമാര്‍; ചർച്ച ചെയ്യേണ്ട വേദി ഇതല്ലെന്ന് വിദേശകാര്യമന്ത്രി
ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധം ശബ്ദമില്ലാതെ സംപ്രേഷണം ചെയ്തു; രാഹുലിനെ സംസാരിക്കാന്‍ അനുവദിച്ചില്ല

വിദേശത്ത് പോയി ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കം വരുന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി സംസാരിച്ചതെന്ന വാദത്തില്‍ ബിജെപി എംപിമാര്‍ ഉറച്ചുനിന്നു. അടിയന്തരാവസ്ഥയാണ് ഇന്ത്യയുടെ ജനാധിപത്യത്തിലെ ഏറ്റവും വലിയ കളങ്കമെന്നും ഇന്ത്യയുടെ ജി20 അധ്യക്ഷതയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി എംപിമാര്‍ കൂട്ടിചേര്‍ത്തു.

തര്‍ക്കം തുടര്‍ന്നപ്പോള്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തന്നെ വിഷയത്തിലിടപെട്ടു. ഇത് ചര്‍ച്ച ചെയ്യേണ്ട വേദി പാര്‍ലമെന്റാണെന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ നിലപാട്. പരാമര്‍ശങ്ങളോട് മറുപടി പറയുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ എസ് ജയശങ്കര്‍ വിലക്കി. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല യോഗം ചേര്‍ന്നതെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു.

പാർലമെന്ററി സമിതി യോഗത്തില്‍ രാഹുലിനെതിരെ ബിജെപി എംപിമാര്‍; ചർച്ച ചെയ്യേണ്ട വേദി ഇതല്ലെന്ന് വിദേശകാര്യമന്ത്രി
'ഇന്ത്യയില്‍ ജനാധിപത്യമുണ്ടെങ്കില്‍ എന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കും': രാഹുല്‍ ഗാന്ധി

ലണ്ടനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലി വലിയ വിമര്‍ശനമായിരുന്നു പാര്‍ലമെന്റിലും കഴിഞ്ഞ ദിവസങ്ങളില്‍ ഭരണ പക്ഷം ഉയര്‍ത്തിയത്. ഭരണ പക്ഷം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ അദാനി ഗ്രൂപ്പിനെതിരെ വന്നിട്ടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ആയുധം. അദാനി വിഷയമുയര്‍ത്തി ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ 'സന്‍സദ്' ടിവി ശബ്ദം ഒഴിവാക്കി സംപ്രേഷണം ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 'ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണ'മെന്നാണ് കോണ്‍ഗ്രസ് നടപടിയെ വിശേഷിപ്പിച്ചത്.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയാന്‍ ലോക്‌സഭയില്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സ്പീക്കര്‍ ഓംബിര്‍ളയെ കണ്ടിരുന്നു.

logo
The Fourth
www.thefourthnews.in