അദാനി ഇന്ത്യയുടെ സമ്പത്ത് ഊറ്റുന്നു; ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഉപമിച്ച് രാഹുല്‍ ഗാന്ധി
അദാനി മോദി കൂട്ടുകെട്ടിനെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി. പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിൻ്റെ പരാമർശം. സ്വാതന്ത്യസമരത്തിൽ ഇന്ത്യയ്ക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായാണ് ഏറ്റുമുട്ടേണ്ടി വന്നത്. ഇന്ത്യയുടെ എല്ലാ സമ്പത്തും കമ്പനി കൊണ്ടുപോയി. ചരിത്രം ആവർത്തിക്കുകയാണ്. ഇന്നും ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണമാകുന്നത് ഒരു കമ്പനി തന്നെയെന്ന് രാഹുൽ ഗാന്ധി. അദാനിയും മോദിയും ഒന്നാണെന്നും അദാനിയെ സമ്പന്നനാക്കിയതും സംരക്ഷിക്കുന്നതും ഭരണത്തിലിരിക്കുന്ന സർക്കാരാണെന്ന് ഓർക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധമെന്ന് മാത്രമാണ് പാർലമെൻ്റിൽ ചോദിച്ചത്. എന്നാൽ ആർഎസ്എസ്സും ബിജെപിയും പറയുന്നത് അദാനിയെ വിമർശിക്കുന്നവർ രാജ്യദ്രോഹികൾ ആണെന്നാണ്. തെറ്റുകളെ ചോദ്യം ചെയ്യുന്നവർ എങ്ങനെയാണ് രാജ്യദ്രോഹികൾ ആകുന്നത്. അനീതി എവിടെ കണ്ടാലും കോൺഗ്രസ് പ്രതികരിക്കുമെന്നും ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര തന്ന അനുഭവങ്ങൾ പങ്കുവച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചു തുടങ്ങിയത്. നാലര മാസം നീണ്ടു നിന്ന യാത്രയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഒപ്പമുണ്ടായിരുന്നത്. ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും മനസ്സിലാക്കി.
കേന്ദ്രഭരണത്തിൽ രാജ്യത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകരെക്കുറിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രിയങ്കാ ഗാന്ധി സംസാരിച്ചു. കർഷകരുടെ ഭൂമി മോദി സുഹൃത്തുകൾക്ക് സൗജന്യമായി നൽകുന്നു എന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. ബിജെപി സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി. സ്ത്രീകളുടെ വികസനത്തിന് പദ്ധതികളില്ല, തൊഴിൽ രഹിതരായി നിൽക്കുന്നത് നിരവധി ചെറുപ്പക്കാരാണ്. ഈ വിഷയങ്ങളെ ഊന്നിയാകണം തിരഞ്ഞെടുപ്പ് പ്രചാരണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ബിജെപി സർക്കാരിനെ താഴെയിറക്കാൻ സമാന ചിന്താഗതിയുള്ള പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാനാണ് പദ്ധതിയെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.