'അഹങ്കാരിയായ രാജാവ് ജനങ്ങളെ തെരുവിൽ നിശബ്ദരാക്കുന്നു'; ഗുസ്തി താരങ്ങള്‍ക്കെതിരായ പോലീസ് നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി
ഗുസ്തി താരങ്ങളുടെ സമരത്തെ അടിച്ചമർത്തിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഉദ്ഘാടനത്തിന് പിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ് പോലീസ് ഗുസ്തി താരങ്ങളെ കൈകാര്യം ചെയ്തതിനെതിരെ രാഹുല്‍ ട്വീറ്റ് ചെയ്തു. 'പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് ജനങ്ങളെ തെരുവിൽ അടിച്ചമർത്തുന്നു' എന്നാണ് ട്വീറ്റ്.
പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച ഗുസ്തിതാരങ്ങളെ പോലീസ് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്‌ഘാടനത്തെ കിരീടധാരണമായാണ് കണക്കാക്കുന്നതെന്ന് ഉദ്‌ഘാടന ചടങ്ങുകളെ വിമർശിച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചിരുന്നു.
"പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്! എന്നാൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ കിരീടധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നത്," രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും നരേന്ദ്രമോദിയെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ നിന്ന് രാംനാഥ് കോവിന്ദിനെ മാറ്റി നിർത്തിയെന്നും ആർഎസ്എസിന്റെ സവർണ, പിന്നാക്ക വിരുദ്ധ ചിന്താഗതിയാണ് ഇതിന് കാരണമെന്നും കെ സി വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു.
'ഉയർന്ന ഭരണഘടനാ പദവിക്ക് അർഹമായ ബഹുമാനം അവർക്ക് നിഷേധിക്കപ്പെടുന്നു.അവരുടെ ബോധപൂർവമായ ഒഴിവാക്കൽ കാണിക്കുന്നത് പ്രധാനമന്ത്രി മോദി അവരെ തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുള്ള അടയാളങ്ങളായി ഉപയോഗിക്കുമെന്നും എന്നാൽ, അത്തരം സുപ്രധാനവും ചരിത്രപരവുമായ അവസരങ്ങളുടെ ഭാഗമാകാൻ അനുവദിക്കില്ല എന്നുമാണ്.' കെസി വേണുഗോപാൽ ട്വീറ്റ് ചെയ്തു.
ഗുസ്തി താരങ്ങളും സമരത്തിന് പിന്തുണയുമായെത്തിയവരും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് തലസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തിയത്. ജന്തര്‍ മന്തറിൽ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തി. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങളെ വലിച്ചിഴച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ, ജന്തർമന്തറിലെ സമരക്കാരുടെ ടെന്റുകളും പോലീസ് നീക്കം ചെയ്തു.