രാഹുൽ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല
'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് കോടതിയുടെ വിധിക്ക് സ്റ്റേ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി. ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. സ്റ്റേ ഇല്ലാത്തതിനാല്‍ അയോഗ്യത തുടരും. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ അപ്പീൽ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. രാഹുൽ ഗാന്ധി സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നുവെന്ന് പറഞ്ഞ കോടതി, 'വീര' സവർക്കറുടെ കൊച്ചുമകൻ ഉൾപ്പെടെയുള്ളവർ നൽകിയവർ 10 കേസുകൾ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ സംശുദ്ധി ആവശ്യമാണെന്നും കോടതി പറഞ്ഞു. രാഹുലിനെ കുറ്റക്കാരനായി ശിക്ഷിച്ചത് അനീതിയല്ല, അത് നീതിയുക്തവും ശരിയായതുമാണ്. സൂറത്ത് കോടതിയുടെ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് പറഞ്ഞു.
മാര്‍ച്ചില്‍ സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. ഇതേത്തുടര്‍ന്ന് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് അയോഗ്യനാക്കിയത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ കോലാറിലാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. നീരവ് മോദി, ലളിത് മോദി തുടങ്ങി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പരാമർശം മോദി സമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവ് രാഹുൽ ഗാന്ധിയ്ക്ക് സൂറത്ത് കോടതി ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രാഹുലിന്റെ അപ്പീല്‍ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
ജാമ്യം ലഭിക്കാവുന്നതും അല്ലാത്തതുമായ കുറ്റത്തിന് പരമാവധി രണ്ട് വര്‍ഷം ശിക്ഷിച്ചാല്‍ അത് തന്റെ കക്ഷിയുടെ ഔദ്യോഗിക ജീവതത്തെ ദോഷകരമായി ബാധിക്കുമെന്നും അത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും ഏപ്രില്‍ 29ന് നടന്ന വാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.
സമാനമായ കേസ് ജാര്‍ഖണ്ഡിലും ബിഹാറിലും രാഹുല്‍ ഗാന്ധിക്കെതിരെ നിലനില്‍ക്കുന്നുണ്ട്. കേസില്‍ രാഹുല്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തനിക്കെതിരായ കേസില്‍ നേരിട്ട് ഹാജരാകണമെന്ന കീഴ്ക്കോടതി വിധിക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എസ് കെ ദ്വിവേദി അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 16 വരെ രാഹുലിനെതിരേ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പോലീസിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ബിഹാറിലെ കേസിൽ മൊഴിയെടുക്കുന്നതിന് രാഹുൽ ഹാജരാകണമെന്ന് പറ്റ്‌നയിലെ എംപി/എംഎല്‍എ കോടതി രാഹുലിനോട് ഏപ്രില്‍ ഒന്നിന് ഉത്തരവിട്ടിരുന്നു. ബിജെപി എംപി സുശീല്‍ കുമാര്‍ മോദിയുടെ പരാതിയിലായിരുന്നു ഉത്തരവ്.