'ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടമിറക്കിയത് അതീവ ഗൗരവമേറിയ വിഷയം'; പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയും ചൈനയും തമ്മിലുളള തർക്കവിഷയമായ ലഡാക്കിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വർഷങ്ങളായി രാജ്യത്തോട് കളളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനയുടെ പുതിയ ഭൂപടം വളരെ ഗൗരവമേറിയ വിഷയമാണെന്നും അവർ ഭൂമി തട്ടിയെടുത്തുവെന്നും ഈ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
''ലഡാക്കിൽ നിന്ന് ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് കളളമാണെന്ന് വർഷങ്ങളായി ഞാൻ പറയുന്നുണ്ട്. എന്നാൽ ചൈന ആക്രമിച്ചുവെന്ന് ലഡാക്കിലെ മുഴുവൻ പേർക്കും അറിയാം. ചൈന പുറത്തുവിട്ട പുതിയ ഭൂപട പ്രശ്നം വളരെ ഗുരുതരമുളളതാണ്. പ്രധാനമന്ത്രി ഇതേക്കുറിച്ച് എന്തെങ്കിലും മിണ്ടാൻ തയ്യാറാകണം,'' രാഹുൽ ഗാന്ധി പറഞ്ഞു.
അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി തിങ്കളാഴ്ചയാണ് ചൈന പുതിയ ഭൂപടം പുറത്തിറക്കിയത്. 2023 പതിപ്പ് ഭൂപടത്തിലാണ് അരുണാചൽ പ്രദേശ്, അക്‌സായി ചിൻ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള നദികളും പർവതങ്ങളും ഉൾപ്പെടെ പതിനൊന്ന് പ്രദേശങ്ങൾ ഏപ്രിലിൽ ചൈന ഏകപക്ഷീയമായി പുനർനാമകരണം ചെയ്തിരുന്നു. അതിനുപിന്നാലെയാണ് പുതിയ നീക്കം സ്വയംഭരണത്തിലുള്ള തായ്‌വാൻ, തർക്കമേഖലയായ ദക്ഷിണ ചൈന കടൽ എന്നിവയും ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നതാണ് പുതിയ ഭൂപടം.
ചൈനയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതെന്ന അവകാശവാദം അസംബന്ധമെന്നും ഇന്ത്യ പ്രതികരിച്ചു. സെപ്റ്റംബർ 9,10 തിയതികളിലായി നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യ ഒരുങ്ങുന്നതിനിടയിലാണ് ചൈന വിവാദ ഭൂപടം പുറത്തുവിട്ടിരിക്കുന്നതെന്നും ശ്രദ്ധേയം. ഈ മാസം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലെ സൈനിക തർക്കം ചർച്ച ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂപട വിഷയം ഉയർന്നുവന്നിരിക്കുന്നത്.