രാഹുലിന് വീണ്ടും തിരിച്ചടി; 
നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി ഝാര്‍ഖണ്ഡ് കോടതി

രാഹുലിന് വീണ്ടും തിരിച്ചടി; നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി ഝാര്‍ഖണ്ഡ് കോടതി

കർണാടകയിലെ മോദി പരാമർശത്തിൽ അഭിഭാഷകനായ പ്രദീപ് മോദി നൽകിയ പരാതിയിലാണ് കോടതി നടപടി
Updated on
1 min read

2019ൽ നടത്തിയ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ഝാര്‍ഖണ്ഡ് കോടതി. മോദി സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് അഭിഭാഷകനായ പ്രദീപ് മോദി നല്‍കിയ പരാതിയിലാണ് റാഞ്ചിയിലെ കോടതിയുടെ ഉത്തരവ്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിലാണു രാഹുൽ വിവാദ പരാമർശം നടത്തിയത്. ''നീരവ് മോദി, നരേന്ദ്ര മോദി, ലളിത് മോദി... എങ്ങനെയാണ് ഇവര്‍ക്കെല്ലാവര്‍ക്കും മോദിയെന്ന് പേരിനൊപ്പം വന്നത്? എങ്ങനെയാണ് എല്ലാ കള്ളന്മാരുടെ സര്‍നെയിം മോദിയെന്നായത്,'' എന്നായിരുന്നു രഹുലിന്റെ പരാമര്‍ശം.

രാഹുലിന്റെ പരാമര്‍ശം മോദി എന്ന പേരോ സര്‍നെയിമോ ഉളള എല്ലാ വ്യക്തികൾക്കും എതിരെയാണെന്നും ഇത് അപകീര്‍ത്തിപരവും അവഹേളനാപരവുമാണെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതുള്‍പ്പെടെ രാഹുലിനെതിരെ ഝാര്‍ഖണ്ഡില്‍ മൂന്ന് മാനനഷ്ടകേസുകളാണ് ഉള്ളത്. ഒന്ന് ചായ്ബാസയിലും രണ്ടെണ്ണം റാഞ്ചിയിലും.

സമാന കേസില്‍ കഴിഞ്ഞ മാസം ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവ് വിധിച്ചിരുന്നു. രാഹുൽ കുറ്റക്കാരനാണെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞദിവസം വിസമ്മതിച്ചിരുന്നു. രാഹുലിന്റെ ഹര്‍ജിയിൽ വിധി പറയുന്നത് ഒരു മാസത്തേയ്ക്കാണ് മാറ്റിവച്ചത്. മെയ് അഞ്ച് മുതല്‍ ജൂണ്‍ നാലു വരെയാണ് കോടതിയുടെ വേനല്‍ക്കാല അവധിയാണ്. അതിനുശേഷമാണ് ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.

കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി കീഴ്‌ക്കോടതികള്‍ നിരസിച്ചതിനെത്തുടർന്നാണു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവച്ച ജസ്റ്റിസ് ഹേമന്ത് പ്രാചകിന്റെ സിംഗിള്‍ ബെഞ്ച്, രാഹുലിന് ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in