രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി; രാജ്യത്തുടനീളം പ്രതിഷേധം

ലോക്സഭാ സെക്രട്ടേറിയറ്റ് ആണ് മാനനഷ്ടക്കേസിൽ വിധി വന്ന് 24 മണിക്കൂറിനകം അയോഗ്യനാക്കിയത്
Updated on
1 min read

മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എം പി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റ് ആണ് വിജ്ഞാപനം ഇറക്കിയത്. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് നടപടി. ലോക്‌സഭാ മന്ദിരത്തിലെത്തിയിരുന്നെങ്കിലും രാഹുല്‍ ഇന്ന് സഭാ നടപടികളില്‍ പങ്കെടുത്തിരുന്നില്ല. സൂറത്ത് കോടതി വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കുണ്ടാകും.

രാഹുൽ ഗാന്ധി
രാഹുലിന് വേണ്ടി ഒറ്റക്കെട്ടായി പ്രതിപക്ഷം; നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് കോൺഗ്രസ്

ഇന്നലെയാണ് സൂറത്ത് കോടതി 2019 ലെ പ്രസംഗത്തിന്റെ പേരില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പറഞ്ഞ് രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. അപ്പീല്‍ പോകാന്‍ മുപ്പത് ദിവസത്തെ സമയം കോടതി അനുവദിച്ചിരുന്നു. അതിനിടയിലാണ് ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ നടപടി. വിധി വന്ന മാർച്ച് 23 മുതൽ രാഹുൽ അയോഗ്യനെന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. ഭരണഘടനയുടെ 101 (1)(ഇ) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് അയോഗ്യത.

രാജ്യത്തെ കള്ളന്മാര്‍ക്കെല്ലാം മോദിയെന്ന പേര് എങ്ങനെ വന്നുവെന്ന, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം, മോദി എന്ന വിഭാഗത്തെ ആകെ ആക്ഷേപിക്കുന്നതാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കോടതി വിധിക്കെതിരെ രാഹുല്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക സമിതിയും നിയോഗിച്ചിട്ടുണ്ട്. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ് സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിൽ ഉൾപ്പെടെ രാജ്യത്തുടനീളം പ്രതിഷേധം നടന്നു.

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്?

മേല്‍ക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടാനായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. ശിക്ഷാ കാലാവധി കഴിഞ്ഞ് ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമാകില്ല. വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത കൂടിയാണ് രാഹുലിനെ അയോഗ്യനാക്കിയതിലൂടെ തുറക്കുന്നത്.

രാഹുൽ ഗാന്ധി
അയോഗ്യത ഭീഷണി: രാഹുലിന് മുന്നിലുള്ള നിയമവഴികൾ എന്തൊക്കെ?

അടിയന്തര യോഗം വൈകീട്ട്

കോടതിവിധിയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വലിയ പ്രതിഷേധം നടത്തുന്നതിനിടെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്. കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. വൈകീട്ട് കോണ്‍ഗ്രസിന്‌റെ അടിയന്തര നേതൃയോഗം ചേരും. പ്രതിപക്ഷ പാര്‍ട്ടികളെയടക്കം ഒരുമിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ രാഷ്ട്രീയ പോരാട്ടം ശക്താക്കാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

logo
The Fourth
www.thefourthnews.in