മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം; അപ്പീല്‍ തീര്‍പ്പാക്കും വരെ ശിക്ഷ നടപ്പാക്കരുതെന്ന് സൂറത്ത് സെഷൻസ് കോടതി
മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ രാഹുൽ ഗാന്ധിക്ക് സൂറത്ത് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ തടഞ്ഞുകൊണ്ടാണ് സൂറത്ത് സെഷന്‍സ് കോടതി രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള കോടതി നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും രാഹുല്‍ ഗാന്ധിയെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നൽകിയ അപ്പീലിലാണ് സെഷൻസ് കോടതി നടപടി. അപ്പീലിൽ വാദം കേൾക്കുന്നത് ഏപ്രിൽ13ലേക്ക് മാറ്റി. നേതാക്കൾക്കൊപ്പം സൂറത്തിൽ നേരിട്ടെത്തിയാണ് രാഹുൽ അപ്പീൽ നൽകിയത്.
താന്‍ നടത്തുന്നത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നായിരുന്നു കോടതി നടപടിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം. 'ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, ഈ പോരാട്ടത്തില്‍ സത്യമാണ് എന്റെ ആയുധം, സത്യമാണ് തന്റെ ശ്കതി' എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ശിക്ഷ റദ്ദാക്കുന്നതിനൊപ്പം കുറ്റവും റദ്ദാക്കണമെന്നായിരുന്നു അപ്പീലില്‍ രാഹുലിന്‌റെ ആവശ്യം. കേസില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കും വരെ ശിക്ഷ റദ്ദാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എന്നാൽ വിധി സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല. വലിയ പോലീസ് സന്നാഹമാണ് രാവിലെ മുതൽ സൂറത്ത് സെഷൻസ് കോടതിക്ക് പുറത്ത് ഒരുക്കിയത്. രാഹുലിനെ പിന്തുണച്ച് കോടതിയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.
കോലാറില്‍ നടത്തിയ പ്രസംഗത്തിൽ പരാമര്‍ശിച്ച പേരുകാരല്ല പരാതിക്കാരെന്നതാണ് രാഹുലിന്‌റെ പ്രധാന വാദം. മോദി എന്നത് ഒരു സമുദായ നാമല്ലെന്നും അദ്ദേഹം വാദിക്കുന്നു. ഒരു രാഷ്ട്രീയ പ്രസംഗത്തിന്‌റെ പേരില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് എടുക്കുകയും അതില്‍ പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുന്നത് അസാധാരണമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തില്‍ ഗുജറാത്തില്‍ കേസെടുത്തത് അധികാര പരിധി ലംഘിച്ചുള്ള നടപടിയെന്നാണ് മറ്റൊരു വാദം.
ഒരു രാഷ്ട്രീയ പ്രസംഗത്തിന്‌റെ പേരില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് എടുക്കുകയും അതില്‍ പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുന്നത് അസാധാരണമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷമാണ് രാഹുല്‍ ഗുജറാത്തിലേക്ക് പുറപ്പെട്ടത്. പ്രിയങ്കാ ഗോന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെ അനുഗമിച്ചു. സൂറത്തില്‍ വലിയ സ്വീകരണമാണ് രാഹുലിന് ഏര്‍പ്പെടുത്തിയത്. നേതാക്കളുടെ ചിത്രങ്ങളും പാര്‍ട്ടി പതാകയും ഉപയോഗിച്ച് റോഡിനിരുവശവും അലങ്കരിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ്, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ സൂറത്തിലുണ്ട്. കോടതിയെ ഭയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നാണ് ശക്തി പ്രകടനത്തോടുള്ള ബിജെപി പ്രതികരണം.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് മാനനഷ്ടക്കേസിലേക്ക് വഴിവച്ചത്. മോദിയെന്ന പേരുകാരെല്ലാം കള്ളന്‍മാരെന്ന പരാമര്‍ശം മോദി സമുദായത്തെ അപമാനിക്കുന്നതെന്ന് കാട്ടി ഗുജറാത്തിലെ മുന്‍മന്ത്രിയും ബിജെപി എംഎല്‍എയുമായി പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇന്ത്യന്‍ പീനല്‍ കോഡിന്‌റെ 499, 500 വകുപ്പുകള്‍ പ്രകാരം രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. മേല്‍കോടതിയെ സമീപിക്കാന്‍ 30 ദിവസത്തേക്ക് ജാമ്യവും അനുവദിച്ചിരുന്നു.
കോടതിവിധിക്ക് പിന്നാലെ രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതോടെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി കോണ്‍ഗ്രസ് രാഷ്ട്രീയ പോരാട്ടം ശക്തമാക്കി. മോദി- അദാനി ബന്ധത്തെ കുറിച്ച് പറഞ്ഞതാണ് തന്നെ അയോഗ്യനാക്കാന്‍ കാരണമെന്നും പ്രധാനമന്ത്രിക്ക് തന്നെ പേടിയെന്നും രാഹുല്‍ പറഞ്ഞു.
കോലറിലെ പ്രസംഗത്തിന്‌റെ പേരില്‍ ബിഹാറിലും രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.