ഓഹരി വിപണിയിൽ കുംഭകോണം? എക്‌സിറ്റ് പോളിന്റെ തലേന്ന് വലിയ തോതിൽ നിക്ഷേപം; മോദിക്കെതിരേ ഗുരുതര ആരോപണവുമായി രാഹുൽ
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ മറവില്‍ ഓഹരി വിപണിയില്‍ മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ വലിയ കുംഭകോണം നടത്തിയതായും ഇതിനായി വ്യാജ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യിച്ചതായും രാഹുല്‍ ആരോപിച്ചു.
എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്ന ജൂണ്‍ ഒന്നിന്റെ തലേന്ന് ഓഹരി വിപണിയില്‍ വലിയതോതില്‍ നിക്ഷേപം നടന്നുവെന്നും ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രചരിപ്പിപ്പ് മാധ്യമങ്ങളെ ഉപയോഗിച്ച് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയായിരുന്നുവെന്നും ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
''ജൂണ്‍ നാലിന് വിപണിയില്‍ വലിയ മുന്നേറ്റം ഉണ്ടാകാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ ഇതിന് വലിയ പ്രചാരണം നല്‍കി. എക്‌സിറ്റ് പോളുകള്‍ പുറത്തു വരുന്നതിന്റെ തലേദിവസമായ മേയ് 31-ന് ഓഹരി വിപണിയില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് നടന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിനായി ഇടനില നിന്നത്. പിന്നീട് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന തരത്തില്‍ വ്യാജ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ മാധ്യമങ്ങളിലൂടെ നല്‍കി. ഇതോടെ നിക്ഷേപങ്ങള്‍ വര്‍ധിച്ചു. മേയ് 31-നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂണ്‍ നാലിനുമിടയില്‍ വലിയതോതിലുള്ള നിക്ഷേപങ്ങള്‍ നടന്നു''- രാഹുല്‍ പറഞ്ഞു.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വിപണി കുത്തനെ ഇടിഞ്ഞതായും പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ച് പണം നിക്ഷേപിച്ചവര്‍ക്കു കോടികളുടെ നഷ്ടമുണ്ടായതായും രാഹുല്‍ ആരോപിച്ചു. ഏകദേശം 30 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയില്‍ ഉണ്ടായതെന്നും ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിസിനസ് പ്രമുഖര്‍ക്കാണ് ഇതിലൂടെ നേട്ടമുണ്ടായതെന്നും രാഹുല്‍ ആരോപിച്ചു.
വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നും നടന്നത് വലിയ കുറ്റകൃത്യമാണെന്നും സ്റ്റോക്ക് മാര്‍ക്കറ്റ് മുകളിലേക്കെന്നും ഓഹരികള്‍ വാങ്ങണമെന്നും ജനങ്ങളോട് എന്തിന് ആവശ്യപ്പെട്ടെന്ന് മോദിയും അമിത്ഷായും വ്യക്തമാക്കണമെന്നും രാഹുല്‍ ആരാഞ്ഞു.
''തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് മോദിക്കും ബിജെപിക്കും നേരത്തെ അറിയാമായിരുന്നു. 220 സീറ്റ് മാത്രമേ ലഭിക്കൂവെന്ന് ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അത് മറച്ചുവച്ച് മുന്നേറ്റമുണ്ടാകാന്‍ പോകുന്നുവെന്ന് വരുത്തിത്തീര്‍ത്ത് കോടികളുടെ തട്ടിപ്പ് നടത്തുകയായിരുന്നു. മോദിക്കും അമിത് ഷായ്ക്കുമെതിരേ ജെപിസി അന്വേഷണം വേണം. ഇരുവര്‍ക്കും തട്ടിപ്പില്‍ നേരിട്ട് ബന്ധമുണ്ട്''- രാഹുല്‍ പറഞ്ഞു.