'ഹൃദയഭേദകം'; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി, ഗവർണറെ സന്ദർശിച്ചു
മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. ഹൃദയഭേദകമായ സംഭവങ്ങളാണ് മണിപ്പുരിലേതെന്ന് കലാപ ബാധിതരുടെ ക്യാമ്പുകൾ സന്ദർശിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. അക്രമത്തിൽ ഉറ്റവരും വീടും നഷ്ടപ്പെട്ടവരുടെ ദുരിതം കാണുന്നത് വേദനാജനകമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മണിപ്പൂര്‍ ഗവര്‍ണറുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.
മണിപ്പൂരിലെ അക്രമത്തിൽ പ്രിയപ്പെട്ടവരും വീടും നഷ്ടപ്പെട്ടവരുടെ അവസ്ഥ കാണുന്നതും കേൾക്കുന്നതും ഹൃദയഭേദകമാണ്. ഞാൻ കണ്ടുമുട്ടിയ ഓരോ സഹോദരന്റെയും സഹോദരിയുടെയും കുട്ടിയുടെയും മുഖത്ത് സഹായത്തിനായുള്ള നിലവിളിയുണ്ട്. മണിപ്പൂരിന് ഇപ്പോൾ ഏറ്റവും ആവശ്യമുള്ളത് സമാധാനമാണ്. ജനങ്ങളുടെ ജീവിതവും ഉപജീവനവും സുരക്ഷിതമാക്കണം. നമ്മളുടെ എല്ലാ ശ്രമങ്ങളും ആ ലക്ഷ്യത്തിലേക്ക് ഒന്നിക്കണം''- രാഹുൽ ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ പോരായ്മകളുണ്ട്, അത് പരിഹരിക്കാനായി സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്കൊപ്പം രാഹുൽ ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
10 രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുണൈറ്റഡ് നാഗ കൗൺസിൽ (യുഎൻസി) നേതാക്കൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ അംഗങ്ങൾ എന്നിവരുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കണമെന്ന് മണിപ്പൂര്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് മൊയ്‌റാങ്ങിലേക്ക് ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധി യാത്ര ചെയ്തത്. രാഹുലിനെ സ്വീകരിക്കാന്‍ മേയ്തി വിഭാഗം സ്ത്രീകൾ തടിച്ചുകൂടിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിലെത്തിയ രാഹുൽ കുകി, മേയ്തി വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെ സന്ദർശിച്ചിരുന്നു.