പ്രതിപക്ഷം ഒരുമിച്ചാൽ ബിജെപിക്ക് വിജയിക്കുക അസാധ്യം; അദാനിക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന് രാഹുൽ ഗാന്ധി

പ്രതിപക്ഷം ഒരുമിച്ചാൽ ബിജെപിക്ക് വിജയിക്കുക അസാധ്യം; അദാനിക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന് രാഹുൽ ഗാന്ധി

'ഇന്ത്യ'യുടെ ദ്വിദിന യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ രാഹുൽ ​ഗാന്ധിയുടെ പ്രതികരണം
Updated on
2 min read

പ്രതിപക്ഷം ഒരുമിച്ചുനിന്നാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കുക എന്നത് അസാധ്യമായിരിക്കുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മുംബൈയില്‍ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ'യുടെ ദ്വിദിന യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് രാഹുൽ ​ഗാന്ധിയുടെ പ്രതികരണം.

ഈ വേദിയിലുളളവർ ഇന്ത്യൻ ജനസംഖ്യയുടെ 60 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. വേദിയിലുള്ള പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം അസാധ്യമായിരിക്കും, രാഹുൽ ​ഗാന്ധി പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ഏറ്റവും കാര്യക്ഷമമായി രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിപക്ഷ നേതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു. വിശാല സഖ്യമായ 'ഇന്ത്യ'യുടെ മൂന്നാമത്തെ സംയുക്ത യോഗമായിരുന്നു മുംബൈയിൽ നടന്നത്. ആദ്യ യോഗം പൂനെയിലും രണ്ടാമത്തേത് ബംഗളൂരുവിലും ചേർന്നാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്.

പ്രതിപക്ഷം ഒരുമിച്ചാൽ ബിജെപിക്ക് വിജയിക്കുക അസാധ്യം; അദാനിക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന് രാഹുൽ ഗാന്ധി
'ഇന്ത്യ'യെ നയിക്കാന്‍ 14 അംഗ ഏകോപനസമിതി; ഗാന്ധി കുടുംബത്തില്‍ നിന്നാരുമില്ല, സിപിഎം പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും

രണ്ട് ദിവസമായി മുംബൈയിൽ നടന്ന യോ​ഗത്തിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ചും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. രണ്ട് വലിയ ചുവടുവയ്പ്പുകളാണ് എടുത്തിരിക്കുന്നതെന്നും പ്രതിപക്ഷപാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ'യെ നയിക്കാന്‍ 14 അംഗ ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ സീറ്റ് വിഭജനവും തീരുമാനങ്ങളും വേഗത്തിലാക്കാനുളള തീരുമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷപാര്‍ട്ടികളുടെ വിശാലസഖ്യമായ 'ഇന്ത്യ' വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. സഖ്യത്തിലെ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ തമ്മിലുളള ബന്ധമാണ് ഈ സഖ്യത്തിന്റെ യഥാർത്ഥ പ്രവർത്തനം. എല്ലാ നേതാക്കളുമായി സൗഹൃദം വളർത്തിയെടുക്കുന്നതിലും നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും കഴിഞ്ഞ രണ്ട് കൂടിക്കാഴ്ചകളും വലിയൊരു പങ്കുവഹിച്ചുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, രാഹുൽ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഒരുമിച്ചാൽ ബിജെപിക്ക് വിജയിക്കുക അസാധ്യം; അദാനിക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന് രാഹുൽ ഗാന്ധി
'ഇന്ത്യ' യോഗത്തിൽ കപിൽ സിബൽ; അസ്വസ്ഥരായി കോൺഗ്രസ് നേതാക്കൾ

"ഞങ്ങൾ കാര്യങ്ങളെ സമീപിക്കുന്ന രീതിയിൽ എല്ലാ നേതാക്കൾക്കിടയിലും വ്യക്തത വന്നിട്ടുളളത് എനിക്ക് കാണാൻ കഴിയും. തീർച്ചയായും വ്യത്യാസങ്ങൾ ഉണ്ട്, പക്ഷേ ആ വ്യത്യാസങ്ങൾ കുറച്ചുകൊണ്ടുവരികയും പരിഹരിക്കുകയും ചെയ്യുന്ന രീതി എന്നെ വളരെയധികം ആകർഷിച്ചു,"രാഹുൽ ​ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദിയും ബിജെപിയും അഴിമതിയുടെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് 'ഇന്ത്യ' തെളിയിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

"പ്രധാനമന്ത്രിയും ഒരു വ്യവസായിയും തമ്മിലുള്ള അവിശുദ്ധ ബന്ധം ഓരോ വ്യക്തിക്കും കാണാവുന്നതേയുള്ളൂ. ജി 20 നടക്കുന്നുണ്ടെന്ന് ഞാൻ ഇന്നലെ സൂചിപ്പിച്ചിരുന്നു. പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കുകയും അദാനിക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്യേണ്ടത് ഇന്ത്യയുടെ വിശ്വാസ്യതയെ സംബന്ധിച്ച് പ്രധാനമാണ്", അദാനി ഗ്രൂപ്പിനെതിരായ പുതിയ ആരോപണങ്ങളെക്കുറിച്ച് സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.

ഈ രാജ്യത്തെ പാവപ്പെട്ടവരിൽ നിന്ന് പണം പിരിച്ചെടുത്ത് ചുരുക്കം ചിലർക്ക് കൈമാറുക എന്നതാണ് നരേന്ദ്രമോദി സർക്കാരിന്റെ ആശയമെന്ന് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു. അതുകൊണ്ടുതന്നെ ഈ രാജ്യത്തിന്റെ പുരോ​ഗതിയിൽ പാവപ്പെട്ട ജനങ്ങളെയും കർഷകരെയും തൊഴിലാളികളെയും ഉൾപ്പെടുത്തിക്കൊണ്ടുളള ഒരു കൂട്ടം ആശയങ്ങൾ വിശാല സഖ്യം പ്രഖ്യാപിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in