'പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ചരിത്രപരമായ ചുവടുവയ്പ് നടത്തി'; നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാഹുൽ ഗാന്ധി

'പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ചരിത്രപരമായ ചുവടുവയ്പ് നടത്തി'; നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാഹുൽ ഗാന്ധി

ജനങ്ങളുടെ ശബ്ദം ഉയർത്താനും രാജ്യത്തിന് പുതിയ ദിശാബോധം നൽകാനുമായി പ്രതിപക്ഷ നേതാക്കൾ പ്രതിജ്ഞയെടുത്തുവെന്ന് മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു
Updated on
2 min read

പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ചരിത്രപരമായ ചുവടുവയ്പ് നടത്തിയെന്ന് നിതീഷ് കുമാറും തേജസ്വി യാദവുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവുമായും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ നടപടിയാണിത്. പ്രതിപക്ഷ പാർട്ടികളുടെ കാഴ്ചപ്പാട് വികസിപ്പിക്കുകയും മുന്നോട്ടുപോവുകയും ചെയ്യും. രാജ്യത്തിന് വേണ്ടി നാമെല്ലാവരും ഒരുമിച്ച് നിൽക്കും
രാഹുൽ ഗാന്ധി

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കാനായി ഖാർഗെയുടെ ക്ഷണം സ്വീകരിച്ച് നിതീഷ് കുമാർ ഇന്ന് ഡൽഹിയിലെത്തിയത്. കൂടിക്കാഴ്ചയിൽ കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ (ആർജെഡി) എന്നീ പാർട്ടികളിലെ ഉന്നത നേതാക്കൾ പങ്കെടുത്തു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായ പോരാടാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് കൂടിക്കാഴ്ച സംഘടിപ്പിത്.

'പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ചരിത്രപരമായ ചുവടുവയ്പ് നടത്തി'; നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാഹുൽ ഗാന്ധി
നിതീഷ്-ഖാര്‍ഗെ കൂടിക്കാഴ്ച ഇന്ന്; പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനുമിടയിലെ ഭിന്നതയ്ക്ക് പരിഹാരം?

യോഗത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, നിതീഷ് കുമാർ, തേജസ്വി യാദവ് എന്നിവർ പങ്കെടുത്തു. ജെഡിയു അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ്, ആർജെഡിയുടെ രാജ്യസഭാ എംപി മനോജ് കുമാർ ഝാ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരും പങ്കെടുത്തു.

രാഹുൽ ഗാന്ധിയെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കണ്ടപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമീപം
രാഹുൽ ഗാന്ധിയെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കണ്ടപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമീപം

ചരിത്രപരമായ കൂടിക്കാഴ്ചയാണിതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശബ്ദം ഉയർത്താനും രാജ്യത്തിന് പുതിയ ദിശാബോധം നൽകാനുമായി പ്രതിപക്ഷ നേതാക്കൾ പ്രതിജ്ഞയെടുത്തുവെന്ന് ഖാർ​ഗെ ട്വീറ്റ് ചെയ്തു.

“ഞങ്ങൾ ഭരണഘടന സംരക്ഷിക്കുകയും രാജ്യത്തെ രക്ഷിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായും ഖാർഗെ നേരത്തെ സംസാരിച്ചിരുന്നു.

അതേസമയം, കഴിയുന്നത്ര പാർട്ടികളെ ഒരുമിച്ചുകൊണ്ട് പ്രവർത്തിക്കാനാണ് ശ്രമമെന്ന് മൂന്ന് ദിവസത്തെ ഡൽഹി സന്ദർശത്തിന് എത്തിയ നിതീഷ് കുമാർ പറഞ്ഞു. മകൾ മിസ ഭാരതിയുടെ വസതിയിൽ സുഖം പ്രാപിക്കുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ യോഗത്തിന് മുന്നോടിയായി നിതീഷ് സന്ദർശിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ബിജെപി സർക്കാരിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ പുതിയ സമവാക്യങ്ങൾ തേടുകയാണ്. എന്നാൽ, മുന്നണിയിൽ ചേരുന്ന കാര്യത്തിൽ ചില പാർട്ടികൾ നിലപാട് വ്യക്തമാക്കിയപ്പോൾ ചിലർ നിലപാട് വ്യക്തമാക്കിയിട്ടില്ല. തൃണമൂൽ കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷവും കോൺഗ്രസും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഫലമാണ് തോൽവിയെന്നായിരുന്നു തൃണമൂൽ കോൺ​ഗ്രസിന്റെ ആരോപണം.

എന്നാൽ, എംപി സ്ഥാനത്ത് നിന്നും രാഹുൽ ​ഗാന്ധിയെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയശേഷം മമതാ ബാനർജി നിലപാട് മാറ്റുന്നതായുളള സൂചനകളാണ് പുറത്തുവരുന്നത്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളോട് മമതാ ബാനർജി ആഹ്വാനം ചെയ്തിരുന്നു.

ഏതെങ്കിലും മുന്നണിയിൽ ചേരുന്നതിനെക്കുറിച്ച് ഇതുവരെ നിലപാട് വ്യക്തമാക്കാത്ത മറ്റൊരു പ്രധാന പ്രതിപക്ഷ പാർട്ടിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി. കഴിഞ്ഞ ദിവസം ദേശീയ പദവി ലഭിച്ച എഎപി ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുണ്ട്. പ്രതിപക്ഷ ഐക്യമല്ല, ജനങ്ങളുടെ ഐക്യമാണ് പ്രധാനമെന്ന് പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഈ മാസം ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരെയെങ്കിലും തോൽപ്പിക്കാനായി പാർട്ടികൾ ഒന്നിച്ചെന്ന് പറഞ്ഞാൽ അത് ജനങ്ങൾക്ക് ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി പ്രതിപക്ഷ മുന്നണിക്കായി നീക്കങ്ങൾ നടത്തിയെങ്കിലും കോൺഗ്രസിനെ അതിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല.

logo
The Fourth
www.thefourthnews.in