'മോദി എല്ലാം അറിയാമെന്ന് നടിക്കുന്നയാൾ'; പരിഹസിച്ച് രാഹുല്‍ ഗാന്ധി

'മോദി എല്ലാം അറിയാമെന്ന് നടിക്കുന്നയാൾ'; പരിഹസിച്ച് രാഹുല്‍ ഗാന്ധി

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രസംഗത്തിനിടെയാണ് പരാമർശം
Published on

എല്ലാം അറിയാമെന്ന് കരുതുന്നവരില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഭാരത് ജോഡോ യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം.

''നിങ്ങള്‍ മോദിജിയെ ദൈവത്തിന്റെ അരികില്‍ ഇരുത്തിയാല്‍, പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മോദിജി ദൈവത്തോട് വിശദീകരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അപ്പോള്‍ ഞാന്‍ എന്താണ് സൃഷ്ടിച്ചതെന്ന് ദൈവം ആശയക്കുഴപ്പത്തിലാകും. ചിലര്‍ ശാസ്ത്രജ്ഞര്‍, ചരിത്രകാരന്‍മാര്‍, സൈനികര്‍ തുടങ്ങി എല്ലാവരെയും ഉപദേശിക്കും. എന്നാല്‍ അവര്‍ക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. നിങ്ങള്‍ ഒന്നും കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒന്നും മനസ്സിലാക്കാന്‍ സാധിക്കില്ല,'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോദി സർക്കാർ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ജനങ്ങളെ ഭീഷണിപ്പെടുത്താൻ അവർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു

രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല യാത്രയുടെ സ്വാധീനം വര്‍ധിക്കുകയും ചെയ്തു. ജനങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനവും ബിജെപിയും ആര്‍എസ്എസും നിയന്ത്രിക്കുന്നതിനാലാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കേണ്ടി വന്നത്.

മോദി സർക്കാർ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ജനങ്ങളെ ഭീഷണിപ്പെടുത്താൻ അവർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 10 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തിയത്.

logo
The Fourth
www.thefourthnews.in