'മനുഷ്യരെ അപമാനിക്കുന്നത് ബലഹീനരുടെ ലക്ഷണം'; സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളെ അപലപിച്ച് രാഹുല്‍ ഗാന്ധി
സ്മൃതി ഇറാനിയടക്കം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാക്കളെ അപമാനിക്കുന്നത് ശരിയല്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജയ പരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും മനുഷ്യരെ കളിയാക്കുന്നതും അപമാനിക്കുന്നതും ബലഹീനതയുടെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
''ജയവും പരാജയവും ജീവിതത്തില്‍ സംഭവിക്കും. സ്മൃതി ഇറാനിക്കും മറ്റ് നേതാക്കള്‍ക്കും നേരെ മോശമായ ഭാഷകള്‍ ഉപയോഗിക്കുന്നതിൽ നിന്നും മോശമായി പെരുമാറുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. മനുഷ്യരെ അപമാനിക്കുന്നതും കളിയാക്കുന്നതും ബലഹീനതരുടെ ലക്ഷണമാണ്, ശക്തിയുടേതല്ല,'' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച അമേഠിയില്‍ നിന്ന് തന്നെയാണ് ഇത്തവണ സ്മൃതി ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയത്. പ്രചരണത്തില്‍ രാഹുലിനെ കളിയാക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും സ്മൃതി നടത്തിയിരുന്നു. എന്നാല്‍ അമേഠിയില്‍ ഇത്തവണ കോണ്‍ഗ്രസ് കളത്തിലിറക്കിയത് കിഷോരി ലാലിനെയായിരുന്നു. പ്രിയങ്ക ഗാന്ധി നേരിട്ടിറങ്ങി നയിച്ച തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ 5,39,228 വോട്ടുകള്‍ നേടി കിഷോരി വിജയിച്ചു. 3,72,032 വോട്ടുകള്‍ മാത്രമേ സ്മൃതിക്ക് നേടാന്‍ സാധിച്ചുള്ളു.