'സത്യം പറയുന്നതിനുള്ള വില';
ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുൽ ഗാന്ധി

'സത്യം പറയുന്നതിനുള്ള വില'; ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുൽ ഗാന്ധി

സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിലുള്ള സോണിയാ ഗാന്ധിയുടെ ബംഗ്ലാവിലേക്ക് താമസം മാറും
Updated on
2 min read

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.19 വർഷമായി താമസിക്കുന്ന വസതിയാണ് രാഹുല്‍ ഒഴിഞ്ഞത്. സോണിയ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പമായിരുന്നു മടക്കം.

''കഴിഞ്ഞ 19 വര്‍ഷമായി ജനങ്ങള്‍ നല്‍കിയതാണ് എനിക്ക് ഈ വസതി. ഞാനവരോട് നന്ദി പറയുന്നു. ഇത് സത്യം പറയുന്നതിനുള്ള വിലയാണ്. അത് നല്‍കാന്‍ ഞാന്‍ തയ്യാറാണ്'' - വസതി ഒഴിഞ്ഞതിന് ശേഷം രാഹുല്‍ പ്രതികരിച്ചു.

2005 ഏപ്രിലിലായിരുന്നു രാഹുൽ ഗാന്ധി തുഗ്ലക് ലൈനിലെ 12-ാം നമ്പർ ബംഗ്ലാവിലേക്ക് താമസം മാറ്റിയത്. അയോഗ്യനാക്കപ്പെട്ടതിനാല്‍ ഔദ്യോഗിക വസതിയില്‍ തുടരാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ലോക്സഭാ ഹൗസിംഗ് കമ്മിറ്റി രാഹുലിന് കത്ത് നല്‍കിയിരുന്നു. ഒരുമാസത്തെ സമയമാണ് വസതി ഒഴിയാനായി അനുവദിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

10 ജൻപഥിലുള്ള സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്ക് താമസം മാറുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു

കീഴ്ക്കോടതിയുടെ ശിക്ഷ ശരിവച്ച അപ്പീൽ കോടതിയുടെ തീരുമാനത്തെ "ഗാന്ധി കുടുംബത്തിന്റെ മുഖത്തേറ്റ അടി" എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നും ഒരു കുടുംബത്തിനും മുൻഗണന നൽകാൻ ആവില്ലെന്ന് കോടതി തെളിയിച്ചുവെന്നും ബിജെപി പറഞ്ഞു.

വീട് ഒഴിയാൻ സമ്മതിച്ച രാഹുൽ ഗാന്ധിക്ക് പാർട്ടി നേതാക്കൾ വീടുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിലുള്ള സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്ക് രാഹുല്‍ താമസം മാറുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

'സത്യം പറയുന്നതിനുള്ള വില';
ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുൽ ഗാന്ധി
അയോഗ്യത തുടരും; രാഹുലിന്റെ അപ്പീൽ തള്ളി സൂറത്ത് സെഷൻസ് കോടതി

'മോദി' പരാമർശത്തെ തുടർന്നുള്ള ക്രിമിനല്‍ മനനഷ്ടക്കേസിലെ ശിക്ഷാ വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. ലോക്സഭാ അംഗത്വം നിലനിർത്താനായി സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീൽ നൽകാം.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ "എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത്?" എന്ന് രാഹുല്‍ നടത്തിയ പരാമർശമാണ് വിവാദമായത്. ഇത് മോദി സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവ് രാഹുൽ ഗാന്ധിയ്ക്ക് സൂറത്ത് സിജെഎം കോടതി വിധിച്ചത്.

logo
The Fourth
www.thefourthnews.in