മാനനഷ്ടക്കേസ്: ശിക്ഷാവിധിക്കെതിരെ രാഹുൽ നാളെ അപ്പീൽ നൽകും
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും. സൂറത്ത് മാജിസ്‌ട്രേറ്റ് കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയിലാണ് രാഹുല്‍ തിങ്കളാഴ്ച അപ്പീല്‍ നല്‍കുക. കേസില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കും വരെ ശിക്ഷാവിധി സ്റ്റേ ചെയ്യമെന്നും രാഹുല്‍ കോടതിയിൽ ആവശ്യപ്പെടും.
2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിനാധാരം. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരെങ്ങനെ വന്നുവെന്ന പരാമര്‍ശം മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണെന്ന് കാട്ടി ഗുജറാത്തിലെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായി പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് ഗുജറാത്ത് മാജിസ്‌ട്രേറ്റ് കോടതി രാഹുലിനെ കുറ്റാക്കാരനെന്ന് വിധിച്ചത്. മനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവും ശിക്ഷ വിധിച്ചു. മേല്‍കോടതിയെ സമീപിക്കാന്‍ സാവകാശമനുവദിച്ച കോടതി ഉടന്‍ തന്നെ 30 ദിവസത്തേക്ക് ജാമ്യവും നല്‍കിയിരുന്നു.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായിരുന്ന രാഹുലിനെ കോ ടതിവിധിക്ക് പിന്നാലെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കി. കുറ്റം സ്റ്റേ ചെയ്തില്ലെങ്കിൽ എട്ട് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുമുണ്ട്. ഇതേ പരാമർശത്തിന്റെ പേരിൽ ബിജപി എം പി സുശീൽ കുമാർ മോദി നൽകിയ മറ്റൊരു പരാതിയിൽ നേരിട്ട് ഹാജരാകാൻ പറ്റ്നാ കോടതി രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആർഎസ്എസിനെ കൗരവരോട് ഉപമിച്ചതിന് മറ്റൊരു മാനനഷ്ടക്കേസും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
രാഹുലിനെതിരായ അയോഗ്യത രാഷ്ട്രീയ പോരാട്ടത്തിന് ഊര്‍ജമാക്കുകയാണ് കോണ്‍ഗ്രസ്. അദാനി വിഷയത്തില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ പ്രതിരോധമാണ് തനിക്കെതിരായ നീക്കമെന്നും നരേന്ദ്ര മോദിക്ക് തന്നെ ഭയമെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിച്ച് ബിജെപി വിരുദ്ധകൂട്ടായ്മയ്ക്ക് കരുത്തുപകരാന്‍ കോണ്‍ഗ്രസ് നീക്കമാരംഭിച്ചു. അതിനിടെയാണ് നിയമപോരാട്ടം ശക്തമാക്കാനുള്ള തീരുമാനം.
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ഐപിസി 499 പ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നത് അത്യപൂര്‍വമായ സാഹചര്യമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. അതിനാല്‍ മേല്‍ക്കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്‌റെ പ്രതീക്ഷ.