ഭാരത് ജോഡോ യാത്ര രാഹുലിനെ കൂടുതൽ ജനകീയനാക്കിയെന്ന് സർവെ; രാജ്യത്തെ ജനപ്രിയ നേതാവ് മോദി തന്നെ
രാഹുൽ ഗാന്ധിയുടെ ജനപ്രീതിയിൽ വർധനയെന്ന് സർവെ റിപ്പോർട്ട്. എൻഡിടിവി, ലോകനിതി-സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ഒരു പൊതു സർവെയിലാണ് കണ്ടെത്തൽ. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ കൂടുതൽ പേർ രാഹുലിൽ ആകൃഷ്ടരായെന്നും സർവെ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവായി തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിക്ക് ജനപ്രീതി വർധിച്ചത്.
രാജ്യത്തെ 71 മണ്ഡലങ്ങളിൽ നടത്തിയ സർവെയിൽ 7,202 പേരാണ് പ്രതികരിച്ചത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മെയ് 10 നും 19നുമിടയിലായാണ് സർവെ നടത്തിയത്. 43 ശതമാനം പേർ ബിജെപിക്ക് കേന്ദ്രത്തിൽ തുടർഭരണം കിട്ടുമെന്ന് പ്രതികരിച്ചു. 38 ശതമാനം പേർ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന അഭിപ്രായക്കാരാണ്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ 43 ശതമാനം പേർ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ 27 ശതമാനം പേർ രാഹുൽ ഗാന്ധിയെ അനുകൂലിച്ചു.
രാഹുലിനും മോദിക്കും പുറമേ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. മമത ബാനർജി( 4%) അരവിന്ദ് കെജ്‌രിവാൾ (4%), അഖിലേഷ് യാദവ് (3%), നിതീഷ് കുമാർ (1%), മറ്റുള്ളവർ (18%) എന്നിങ്ങനെയാണ് അഭിപ്രായ സർവെയിലെ കണക്ക്.
2019 സർവെയെക്കാൾ മോദിയുടെ ജനപ്രീതിയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ട്. എന്നാൽ രാഹുലിന്റെ ജനകീയത 23ൽ നിന്ന്27 ലേക്ക് ഉയർന്നു.
രാഹുല്‍ ഗാന്ധിയോട് എക്കാലത്തും ഇഷ്ടവും ബഹുമാനവുമാണെന്ന് 26 ശതമാനം പേര്‍ പ്രതികരിച്ചു. 15 % പേര്‍ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയില്‍ ആകൃഷ്ടരായി. 16% പേര്‍ രാഹുല്‍ഗാന്ധിയോട് പ്രതികൂല സമീപനമാണ് സ്വീകരിച്ചത്. 27 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയോട് പ്രത്യേക താത്പര്യമില്ലെന്ന് പ്രതികരിച്ചു. സര്‍വെയില്‍ പ്രതികരിച്ചവരില്‍ മോദിയുടെ പ്രസംഗ വൈദഗ്ധ്യത്തെ പ്രശംസിക്കുന്നവരാണ് 25 ശതമാനവും. 20% പേര്‍ മോദിയുടെ വികസന നയങ്ങളെയും 13% പേര്‍ കാര്യക്ഷമതയെയും പ്രവര്‍ത്തനരീതിയെയും അഭിനന്ദിച്ചു. ഏകദേശം11% പേര്‍ മോദിയുടെ നയങ്ങളെ വിലമതിക്കുന്നവരാണ്.