പ്രതിപക്ഷ നേതാവിന് ഇരിപ്പിടം  അവസാനനിരയിൽ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുല്‍ ഗാന്ധിയോട് അനാദരവ്; ചർച്ചയാക്കി സാമൂഹ്യമാധ്യമങ്ങൾ

പ്രതിപക്ഷ നേതാവിന് ഇരിപ്പിടം അവസാനനിരയിൽ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുല്‍ ഗാന്ധിയോട് അനാദരവ്; ചർച്ചയാക്കി സാമൂഹ്യമാധ്യമങ്ങൾ

ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നത്
Updated on
1 min read

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അനാദരവ് എന്ന് ആക്ഷേപം. പ്രതിപക്ഷ നേതാവിനെ പ്രോട്ടോക്കോള്‍ ലംഘിച്ച് അവസാനനിരയിൽ ഇരുത്തിയ സംഭവമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയര്‍ത്തി 78-ാം സ്വാതന്ത്ര്യദിനം ആഘോഷത്തിന് ഔദ്യോഗികമായി തുടക്കമിട്ട ചടങ്ങില്‍ ഒളിമ്പിക് മെഡൽ ജേതാക്കൾക്കൊപ്പം രാഹുല്‍ ഗാന്ധി അവസാന നിരയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്. പ്രോട്ടോകോള്‍ പ്രകാരം ഒന്നാം നിരയില്‍ പ്രതിപക്ഷ നേതാവിന് ഇരിപ്പിടം നല്‍കണമെന്നിരിക്കെ നടപടി അനാദരവാണെന്നാണ് പ്രധാന വിമര്‍ശനം. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നത്.

വെളുത്ത കുർത്ത-പൈജാമ ധരിച്ച രാഹുൽ ഗാന്ധി ഇന്ത്യൻ ഹോക്കി ടീം ഫോർവേഡ് ഗുർജന്ത് സിങ്ങിൻ്റെ അരികിൽ ഇരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. മനു ഭാക്കർ, സരബ്ജോത് സിങ് തുടങ്ങിയ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായിരുന്നു മുൻ നിരകളിൽ ഇരുന്നിരുന്നത്. ഒളിമ്പിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പിആർ ശ്രീജേഷ് എന്നിവരും രാഹുൽ ഗാന്ധിക്ക് മുന്നിൽ ഇരിക്കുന്നതായി കാണാം.

പ്രതിപക്ഷ നേതാവിന് ഇരിപ്പിടം  അവസാനനിരയിൽ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുല്‍ ഗാന്ധിയോട് അനാദരവ്; ചർച്ചയാക്കി സാമൂഹ്യമാധ്യമങ്ങൾ
ഏക സിവില്‍ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇടംപിടിച്ച് വിവാദ വിഷയങ്ങള്‍

പ്രോട്ടോക്കോൾ അനുസരിച്ച്, കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് എല്ലായ്പ്പോഴും മുൻ നിരയിൽ ഇരിപ്പിടം നൽകേണ്ടതാണ്. മുൻ നിരയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ് ജയശങ്കർ എന്നിവർ ആണ് ഉണ്ടായിരുന്നത്.

മുൻനിര ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് അനുവദിച്ചിരുന്നതിനാലാണ് രാഹുൽ ഗാന്ധിയെ അവസാന നിരയിലേക്ക് മാറ്റേണ്ടിവന്നതെന്നാണ് ബന്ധപ്പെട്ട മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയുടെ ഇരിപ്പിട ക്രമീകരണം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് കരണമായതിന് പിന്നാലെയായിരുന്നു വിശദീകരണം. സ്വാതന്ത്ര്യദിന പരിപാടിയുടെ നടത്തിപ്പും ഇരിപ്പിട പദ്ധതികൾ തയ്യാറാക്കലും പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയാണ്.

പ്രോട്ടോകോൾ പ്രകാരം പ്രതിപക്ഷ നേതാവിന് ആദ്യത്തെ ഏതെങ്കിലും നിരകളിലാണ് സാധാരണയായി ഇരിപ്പാടം നൽകാറുള്ളതെന്നും ഇവർ വിശദീകരിച്ചു. എന്നാൽ അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിലുള്ള ബി.ജെ.പി ഭരണകാലത്ത് സോണിയ ഗാന്ധിക്ക് എല്ലായ്‌പ്പോഴും ഒന്നാം നിരയിൽ സീറ്റ് അനുവദിച്ചിരുന്നുവെന്ന് ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു പാർട്ടിക്കും സഭയുടെ പത്തിലൊന്ന് അംഗബലമില്ലാത്തതിനാൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം 10 വർഷമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവിന് ഇരിപ്പിടം ഉണ്ടായിരുന്നില്ല.

logo
The Fourth
www.thefourthnews.in