ഭാരത് ജോഡോ യാത്രാ പോസ്റ്ററിൽ വീണ്ടും 'സവർക്കർ'; നിഷേധിച്ച് കോൺഗ്രസ്

ഭാരത് ജോഡോ യാത്രാ പോസ്റ്ററിൽ വീണ്ടും 'സവർക്കർ'; നിഷേധിച്ച് കോൺഗ്രസ്

കോൺ​ഗ്രസുമായി ബന്ധമുള്ളവരല്ല ഇത് ചെയ്തതെന്ന് എംഎൽഎ എൻ എ ഹാരിസ്
Updated on
1 min read

കേരളത്തിന് പിന്നാലെ കർണാടകയിലും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയുടെ പ്രചാരണ പോസ്റ്ററിൽ സവർക്കറുടെ ചിത്രം. മാണ്ഡ്യ ജില്ലയിലെ നാ​ഗമം​ഗല താലൂക്കിലെ ചിന്യ ​ഗ്രാമത്തിൽ സ്ഥാപിച്ച പോസ്റ്ററിലാണ് രാഹുൽ ഗാന്ധിക്കൊപ്പം സവർക്കറുടെ ചിത്രവും പതിച്ചിരുന്നത്. ശാന്തിന​ഗർ എംഎൽഎ എൻ എ ഹാരിസിന്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു പോസ്റ്റർ കോണ്‍ഗ്രസ് സ്ഥാപിച്ചിട്ടില്ലെന്നും ചില സാമൂഹിക വിരുദ്ധരാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി ആരോപിച്ചു.

''ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ജനപ്രീതിയിൽ അസ്വസ്ഥരായ ചിലരാണ് ഇതിന് പുറകിൽ. കോൺ​ഗ്രസ് പാർട്ടിയുമായി ബന്ധമുള്ളവരല്ല ഇത് ചെയ്തത്. ഇതിൽ കോൺ​ഗ്രസിനോ എനിക്കോ പങ്കില്ല. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്''- എൻ എ ഹാരിസ് ദ ഫോർത്തിനോട് പറഞ്ഞു.

കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എൻ എ ഹാരിസ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. സംഭവം വിവാദമായതോടെ പോസ്റ്റർ സ്ഥലത്ത് നിന്ന് മാറ്റി. പോസ്റ്ററുകളിൽ കൃത്രിമം കാണിച്ചുവെന്ന് കാണിച്ച് കോൺ​ഗ്രസ് പ്രവർത്തകർ മാണ്ഡ്യ പോലീസിൽ പരാതി നൽകി.

അതേസമയം യാത്ര സംസ്ഥാനത്തെത്തും മുമ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പതിച്ച 40 ഓളം പോസ്റ്ററുകൾ കീറിയ സംഭവവും ഉണ്ടായി. ഇതിന് പിന്നിൽ ബിജെപിയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

നേരത്തെ കേരളത്തിലും ഭാരത് ജോഡോ യാത്രാ പോസ്റ്ററില്‍ മറ്റ് സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം സവർക്കറുടെ ചിത്രം പതിച്ചത് വിവാദമായിരുന്നു. പിന്നീട് കോൺഗ്രസ് പ്രവർത്തകർ സവർക്കറുടെ ചിത്രത്തിന് മുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വെച്ച് മറയ്ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in