രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

അയോഗ്യനാക്കിയത് മോദിക്ക് തന്നെ ഭയമായതിനാലെന്ന് രാഹുൽ ഗാന്ധി; 'ജയിലിലടച്ചും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാനാകില്ല'

മോദിക്കെതിരെ ചോദ്യം ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും ചോദ്യം ചോദിക്കുന്നത് താന്‍ അവസാനിപ്പിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Updated on
1 min read

രാജ്യത്തിന്‌റെ ജനാധിപത്യത്തിനായാണ് താന്‍ പോരാടുന്നതെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി. സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നരേന്ദ്ര മോദിക്കെതിരെ കടുത്ത ഭാഷയിലാണ് രാഹുല്‍ പ്രതികരിച്ചത്. മോദിക്കെതിരെ ചോദ്യം ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും ചോദ്യം ചോദിക്കുന്നത് താന്‍ അവസാനിപ്പിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിക്ക് ഭയമായതിനാലാണ് തന്നെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതെന്നും മാപ്പ് പറയാൻ താൻ സവർക്കറല്ല ഗാന്ധിയാണെന്നും രാഹുൽ തുറന്നടിച്ചു.

അദാനിയെ കുറിച്ചായിരുന്നു തന്‌റെ ആദ്യ ചോദ്യം. അദാനിയുടെ ഷെല്‍ കമ്പനിയില്‍ 20,000 കോടി രൂപ നിക്ഷേപിച്ചത് ആരുടെ പണമെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല. മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്തെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ''രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നു മുന്‍പ് പലതവണ ഞാന്‍ പറഞ്ഞു. ഇതിന് ഓരോ ദിവസവും നാം ഉദാഹരണങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ഞാന്‍ ചോദ്യമുയര്‍ത്തി. അദാനിയെക്കുറിച്ച് ഒരേയൊരു ചോദ്യമാണ് ഞാന്‍ ചോദിച്ചത്. ചോദ്യങ്ങളുയര്‍ത്തുന്നതും ഇന്ത്യയിലെ ജനാധിപത്യത്തിനുവേണ്ടി പോരാടുന്നതും തുടരും.''-രാഹുൽ പറഞ്ഞു.

മാപ്പ് പറയാൻ ഞാൻ സവർക്കറല്ല, ഗാന്ധിയാണ്
രാഹുൽ ഗാന്ധി

ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ടുള്ളതാണ് നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്‌റില്‍ ചിത്രങ്ങളടക്കം തെളിവുകള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. തന്‌റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

''അദാനിയുടെ ഷെല്‍ കമ്പനിയിലെ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപം ആരുടെതാണെന്ന നിസാര ചോദ്യത്തില്‍നിന്നു പ്രധാനമന്ത്രിയെ പ്രതിരോധിക്കുന്നതിനുള്ള നീക്കമാണ് ഈ നാടകങ്ങളെല്ലാം. ഞാന്‍ സത്യത്തിനുവേണ്ടി മാത്രമാണു സംസാരിക്കുന്നത്. അദാനിയെക്കുറിച്ചുള്ള എന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഭയന്നു. അത് അദ്ദേഹത്തിന്റെ കണ്ണില്‍ ഞാന്‍ കണ്ടു.''-രാഹുല്‍ ഗാന്ധി പറഞ്ഞു.

പാർലമെന്‌റില്‍ അദാനി വിഷയത്തിലെ തന്‌റെ അടുത്ത പ്രസംഗം പേടിച്ചിട്ടാണ് തന്നെ അയോഗ്യനാക്കിയത്. നരേന്ദ്ര മോദി തന്നെയാണ് അദാനിയെന്നും മോദി അദാനിയെ സംരംക്ഷിക്കുന്നത് അതിനാലെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തെ സംവിധാനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷത്തിനൊപ്പമില്ലെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട സമയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യനാകുന്നതോ ജയിലടയ്ക്കപ്പെടുന്നതോ തന്നെ ഭയപ്പെടുത്തുന്നില്ല. അവര്‍ക്ക് തന്നെ മനസിലായിട്ടില്ലെന്നും താന്‍ ഭീഷണിക്ക് വഴങ്ങുന്ന ആളല്ലെന്നും രാഹുല്‍ പറഞ്ഞു.

പിന്തുണയറിയിച്ച പ്രതിപക്ഷ പാർട്ടികൾക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. വയനാട് തന്റെ കുടുംബമെന്നും വയനാട്ടിലെ വോട്ടർമാർക്കായി കത്തെഴുതുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമകാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും രാഹുൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in