'ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ മാറ്റം', ബാലസോർ അപകട കാരണം തിരിച്ചറിഞ്ഞെന്ന് റെയില്‍വേ മന്ത്രി
ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ മൂല കാരണം തിരിച്ചറിഞ്ഞതായി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ മാറ്റമാണ് അപകടകാരണമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റെയില്‍വേ മന്ത്രിയുടെ പ്രതികരണം. അപകടം നടന്ന ബാലസോറില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയാണ് നിലവില്‍ റെയില്‍വെ മന്ത്രി.
"റെയിൽവേ സുരക്ഷാ കമ്മീഷണർ അപകടകാരണം പരിശോധിച്ചിരുന്നു. അപകട കാരണവും ഉത്തരവാദികളായ ആളുകളെയും ഞങ്ങൾ തിരിച്ചറിഞ്ഞു. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഇത് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഉത്തരവാദികളായവര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്ന സൂചനയാണ് റെയില്‍വേ മന്ത്രി നല്‍കുന്നത്
" മറ്റ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ബുധനാഴ്ച രാവിലെയോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇതിന് പിന്നാലെ തന്നെ ട്രാക്ക് ഗതാഗതത്തിന് തുറന്നു നല്‍കും. അപകടസ്ഥലത്ത് നിന്നും എല്ലാ മൃതദേഹങ്ങളും നീക്കം ചെയ്തു." അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
അതേസമയം, ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പെടെ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക്ക് മാണ്ഡവ്യ ഭുവനേശ്വറിലെത്തി. ചികിസ്തയുള്‍പ്പെടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെ ഭുവനേശ്വറിലേക്ക് എത്തിക്കും. വ്യോമസേന വിമാനത്തിലാണ് ഡോക്ടര്‍മാരുടെ സംഘത്തെ ഓഡീഷയിലേക്ക് എത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്.