ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റ് തീരം തൊട്ടു. ചെന്നൈയില്‍ നിരവധിയിടങ്ങളില്‍ കനത്ത മഴയും അതിശക്തമായ കാറ്റും തുടരുകയാണ്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളംകയറി. ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവല്ലൂർ, വെല്ലൂർ, വില്ലുപുരം, കാഞ്ചീപുരം, റാണീപേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
ഡിസംബർ 6 ന് രാത്രി 11:30ഓടെ കാരയ്ക്കലിൽ നിന്ന് ഏകദേശം 840 കിലോമീറ്റർ കിഴക്ക് തെക്കായും ചെന്നൈയിൽ നിന്ന് 900 കിലോമീറ്റർ തെക്കു കിഴക്കായും ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. ചുഴലിക്കാറ്റ് 85 കിലോമീറ്റര്‍ വേഗതയില്‍ വെള്ളിയാഴ്ച തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദേശീയ ദുരന്ത നിവാരണസേനയുടെ ആറ് ടീമുകളെ തമിഴ്നാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, കടലൂർ, മയിലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളിൽ സൈന്യത്തെയും വിന്യസിച്ചു. കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കരസേനയുടെയും നാവികസേനയുടെയും ദുരിതാശ്വാസ സംഘങ്ങളും കപ്പലുകളും വിമാനങ്ങളും സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. തീരസംരക്ഷണ സേനയും സജ്ജമാണ്.