മഴ ഒഴിഞ്ഞിട്ടില്ല, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ബിഹാറില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് സൂചന നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഈ മാസം 30 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്.
ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബിഹാറില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും മുംബൈയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്
മഴ മുന്നറിയിപ്പിന് ഒപ്പം കേരള തീരത്ത് (തിരുവനന്തപുരം, കണ്ണൂര്‍, കാസറഗോഡ്) വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം എന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കേരളത്തിന് പുറമെ രാജ്യവ്യാപകമായി മഴ ശക്തമായേക്കും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാറില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും മുംബൈയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബിഹാറിലെ കോസി, ഗാന്‍ദക് നദികള്‍ കരവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നാണും അധികൃതര്‍ അറിയിച്ചു.