സച്ചിന്‍ പൈലറ്റ് ഒറ്റുകാരന്‍; ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല: തുറന്നടിച്ച് അശോക് ഗെഹ്ലോട്ട്
സച്ചിന്‍ പൈലറ്റിനെ ഒറ്റുകാരനെന്നും രാജ്യദ്രോഹിയെന്നും വിശേഷിപ്പിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റിനെ ആറ് തവണ രാജ്യദ്രോഹിയെന്ന് വിളിച്ചത്. രാജ്യദ്രോഹിയായ ഒരാളെ ഒരിക്കലും ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല.
പാര്‍ട്ടിയുടെ അധ്യക്ഷന്‍ സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യം
സച്ചിന്‍ പൈലറ്റിന് 10 എംഎല്‍എമാരുടെ പിന്തുണ പോലുമില്ലെന്നും ഗെഹ്ലോട്ട് ആക്ഷേപിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കലാപമുണ്ടാക്കി പാര്‍ട്ടിയെ വഞ്ചിച്ചയാളാണ് സച്ചിന്‍. ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍, സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്നും ഗെഹ്ലോട്ട് ആരോപിച്ചു
2020 ല്‍ ഡല്‍ഹിക്കടുത്ത് 19 എംഎല്‍എമാരുമായി ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ ക്യാംപ് ചെയ്താണ് സച്ചിന്‍ പൈലറ്റ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. ഒന്നുകില്‍ തന്നെ മുഖ്യമന്ത്രിയാക്കണം, അല്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത് പോകും എന്നതായിരുന്നു സച്ചിന്‍ പൈലറ്റിന്റെ വെല്ലുവിളി.
എന്നാല്‍ നൂറിലധികം എംഎല്‍എമാരുമായി ഗെഹ്ലോട്ട് പക്ഷവും കരുത്ത് കാട്ടിയതോടെ സച്ചിന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും അദ്ദേഹത്തിന് നഷ്ടമായി.
ബിജെപി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു സച്ചിന്‍ പൈലറ്റ് എംഎല്‍എമാരുമായി നടത്തിയത്
ബിജെപി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു അന്ന് സച്ചിന്‍ പൈലറ്റ് സൃഷ്ടിച്ചതെന്ന് അന്നത്തെ നാടകീയസംഭവങ്ങളെ പരാമർശിച്ച് ഗെഹ്ലോട്ട് വ്യക്തമാക്കി. ബിജെപിയില്‍ നിന്ന് സച്ചിന്‍ ധനസഹായം സ്വീകരിച്ചുവെന്നും അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ വെച്ച് അന്ന് കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും അമിത് ഷായുമായി സച്ചിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ചിലര്‍ക്ക് 5 കോടി ലഭിച്ചു, മറ്റുചിലര്‍ക്ക് 10 കോടിയും ലഭിച്ചു. ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ നിന്നാണ് പണം നല്‍കിയതെന്നും ഗെഹ്ലോട്ട് ആരോപിച്ചു