രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ഗെഹ്ലോട്ടിനെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ രംഗത്തെത്തിയതോടെ പ്രശ്നപരിഹാരത്തിന് സോണിയാ ഗാന്ധിയുടെ ഇടപെടല്‍. ഹൈക്കമാന്റ് പ്രതിനിധികളുമായി സോണിയ ഫോണില്‍ സംസാരിച്ചു. എംഎല്‍എമാരോട് നേരിട്ട് സംസാരിക്കാന്‍ മല്ലിഖാർജുന്‍ ഖാർഗെക്കും അജയ് മാക്കനും സോണിയ നിർദേശം നല്‍കി.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് നീക്കത്തിനെതിരെ ഗെഹ്ലോട്ട് പക്ഷം തുറന്ന പോരിലാണ്. 92 എംഎല്‍എമാർ രാജി ഭീഷണിയുമായി രംഗത്തെത്തി. സച്ചിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെക്കുമെന്നാണ് അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ നിലപാട്. സ്പീക്കറെ നേരില്‍ കണ്ട് ഇക്കാര്യം എംഎല്‍എമാർ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അശോക് ഗെഹ്ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ദില്ലിക്ക് വിളിപ്പിച്ചതായാണ് വിവരം. കാര്യങ്ങള്‍ തന്‍റെ കയ്യിലല്ല എന്നാണ് കെ സി വേണുഗോപാലുമായി സംസാരിച്ചപ്പോള്‍ അശോക് ഗെഹ്ലോട്ട് നല്‍കിയ മറുപടി. എംഎല്‍എമാര്‍ അസംത്യപ്തരാണെന്നും ഗെഹ്ലോട്ട് അറിയിച്ചിട്ടുണ്ട്.