പനചന്ദ് മേഘ്‌വാൾ
പനചന്ദ് മേഘ്‌വാൾ

രാജസ്ഥാനിലെ ദളിത് വിദ്യാർത്ഥിയുടെ മരണം; കോൺഗ്രസ് എം എൽ എ രാജി വെച്ചു

കുറ്റാരോപിതനായ അധ്യാപകനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു
Updated on
2 min read

രാജസ്ഥാനിലെ ജലോർ ജില്ലയിൽ അധ്യാപകന്റെ ക്രൂര മർദ്ദനത്തെത്തുടർന്ന് ദളിത് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ദളിത് എം എൽ എ പനചന്ദ് മേഘ്‌വാൾ രാജിവെച്ചു. തന്റെ സമുദായത്തിലുള്ളവർക്ക് നേരെ ആക്രമണമുണ്ടാകുമ്പോൾ എം എൽ എയായി തുടരാൻ തനിക്ക് യാതൊരു ധാർമിക അവകാശവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് തിങ്കളാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‌ കൈമാറി.രാജസ്ഥാനിലെ അട്റു മണ്ഢലത്തിൽ നിന്നുള്ള എംഎൽഎ യാണ് പനചന്ദ് മേ​ഗ്വാൾ.

ഉയർന്ന ജാതിക്കാർക്കായി സൂക്ഷിച്ചിരുന്ന വെള്ളം കുടിച്ചതിന് അധ്യാപകന്റെ മർദ്ദനത്തിനിരയായി ദളിത് വിദ്യാർത്ഥി മരിച്ച സംഭവം തന്നെ അങ്ങേയറ്റം വേദനിപ്പിച്ചെന്നും ഇനി മുതൽ സ്ഥാന മാനങ്ങൾ ഇല്ലാതെ തന്റെ സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം നേടി എഴുപത്തഞ്ചു വർഷങ്ങൾ പിന്നിടുമ്പോഴും ദളിതർ ഇന്ത്യയിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന വസ്തുത തന്നെ വേദനിപ്പിക്കുന്നു.പാത്രത്തിലെ വെള്ളം കുടിച്ചതിനും വിവാഹത്തിന് കുതിരപ്പുറത്ത് കയറിയതിനും മീശ വെച്ചതിനുമെല്ലാമാണ് ദളിതുകൾ കൊല്ലപ്പെടുന്നത്. ദളിതർക്കെതിരായ അതിക്രമത്തിൽ നിയമ നടപടികൾ പലപ്പോഴും കാര്യക്ഷമമായി നടപ്പിലാകുന്നില്ല. പൂർണമായ അന്വേഷണം നടത്താതെയാണ് പലപ്പോഴും പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. ദളിതർ നേരിടേണ്ടി വരുന്ന അക്രമണങ്ങളെക്കുറിച്ച് താൻ മുമ്പ് പലതവണ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും പക്ഷേ പോലീസ് ഒരു നടപടിയും ഇപ്പോഴും സ്വീകരിക്കുന്നില്ലെന്നും മേഘ്‌വാൾ കുറ്റപ്പെടുത്തി

സ്വാതന്ത്ര്യം നേടി എഴുപത്തഞ്ചു വർഷങ്ങൾ പിന്നിടുമ്പോഴും ദളിതുകൾ ഇന്ത്യയിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന വസ്തുത തന്നെ വേദനിപ്പിക്കുന്നു
പനചന്ദ് മേ​ഗ്വാൾ

രാജസ്ഥാനിലെ സുരാനാ ഗ്രാമത്തിലുള്ള സരസ്വതി വിദ്യാ മന്ദിർ സ്കൂളിലെ ദളിത് വിദ്യാർത്ഥിയായ ഇന്ദ്ര മേഘ്‌വാൾ ആണ് അധ്യാപകന്റെ ക്രൂര മർദ്ദനത്തിനിരയായി മരണത്തിനു കീഴടങ്ങിയത് .ഉയർന്ന ജാതിക്കാർക്കു കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ ദളിതനായ ഇന്ദ്ര മേഘ്‌വാൾ തൊട്ടുവെന്നാരോപിച്ചാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മുഖത്തും ചെവിയിലും പരുക്കേറ്റു. ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി ഒരാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

അധ്യാപകന്റെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട   ഇന്ദ്ര മേഘ്‌വാൾ.
അധ്യാപകന്റെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട ഇന്ദ്ര മേഘ്‌വാൾ.

കുറ്റാരോപിതനായ അധ്യാപകൻ ചെയിൽ സിങ്ങിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനെതിരെ ദളിത് പീഡന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട് .കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധന സഹായം നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് സംഭവത്തെ അപലപിച്ചു. കുട്ടിയുടെ കുടുംബാംഗങ്ങളെ സച്ചിൻ പൈലറ്റ് ചൊവ്വാഴ്ച സുരാന ഗ്രാമത്തിലെത്തി സന്ദർശിക്കും

logo
The Fourth
www.thefourthnews.in