മുസ്ലിം വിദ്വേഷ പ്രസംഗം: ബാബാ രാംദേവ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി ഉത്തരവ്, അറസ്റ്റിനുള്ള ഇടക്കാല സ്‌റ്റേ നീട്ടി
മുസ്ലിം വിദ്വേഷ പ്രസംഗക്കേസില്‍ ബാബാ രാംദേവ് ഒക്ടോബര്‍ അഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്. അതേസമയം, ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യുന്നതിന് ഏപ്രില്‍ 13ന് നല്‍കിയ ഇടക്കാല സ്റ്റേ ഒക്ടോബര്‍ 16 വരെ നീട്ടുകയും ചെയ്തു.
ചോദ്യം ചെയ്യലിനായി രാംദേവ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ജസ്റ്റിസ് കുല്‍ദീപ് മാത്തൂരിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ചോദ്യം ചെയ്യലിനു ശേഷം ഒക്ടോബര്‍ 16 ന് ഹാജരാകാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. അന്നു കേസ് വീണ്ടും പരിഗണിക്കും. രാംദേവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ധീരേന്ദ്ര സിംഗ് ദസ്പയാണ് ഹാജരായത്.
രാംദേവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ധീരേന്ദ്ര സിംഗ് ദസ്പയാണ് ഹാജരായത്.
ഫെബ്രുവരി 2 ന് രാജസ്ഥാനിലെ ബാര്‍മറില്‍ മതപരമായ ചടങ്ങില്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ഫയല്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാംദേവ് നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. മുസ്ലീങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ അടക്കം നടത്തിയെന്നും ആരോപിച്ചുള്ള പ്രസംഗത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ, ഫെബ്രുവരി 5 നാണ് ചോഹ്താനിലെ ധനൗ നിവാസിയായ പത്തായി ഖാന്‍ രാംദേവിനെതിരെ പരാതി നല്‍കുകയും ബാര്‍മര്‍ പോലീസ് രാംദേവിനെതിരെ കേസെടുക്കുയും ചെയ്തത്.
മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്താനും മുസ്ലീം സമുദായത്തോട് മറ്റ് മതങ്ങള്‍ക്കിടയിലോ സമുദായങ്ങള്‍ക്കിടയിലോ വിദ്വേഷവും വിദ്വേഷവും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് രാംദേവ് ബോധപൂര്‍വം ഇത്തരം പ്രസ്താവനകള്‍ നടത്തിയതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. 153-എ, 295-എ, 298 എന്നീ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്. അതിര്‍ത്തി ജില്ലയില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ രാംദേവ് ശ്രമിച്ചുവെന്നാരോപിച്ച് ബാര്‍മറിലെ മുസ്ലീം സംഘടനകളും രാംദേവിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. രാംദേവിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമുദായാംഗങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.