അശോക് ​ഗെഹ്‍ലോട്ട്
അശോക് ​ഗെഹ്‍ലോട്ട്

ഗെഹ്‍ലോട്ട് പ്രശ്നക്കാരനല്ല; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

നോട്ടീസിന് പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശം
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കെ പാര്‍ട്ടിയെ സമര്‍ദത്തിലാക്കാന്‍ വിമത നീക്കം നടത്തുന്നു എന്ന വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് ക്ലീന്‍ ചിറ്റ്. ഹൈക്കമാന്‍ഡ് നിരീക്ഷകരാണ് ഗെഹ്‌ലോട്ടിനെ സംരക്ഷിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ എംഎല്‍എമാരെ മുന്‍ നിര്‍ത്തി വിലപേശുന്നു എന്ന ആരോപണം ശക്തമായി ഉയര്‍ന്നതിന് പിന്നാലെയാണ് വിഷയം ഹൈക്കമാര്‍ഡ് നിയോഗിച്ച സമിതി പരിശോധിച്ചത്.

ഗെഹ്‌ലോട്ടിന്റെ വിശ്വസ്തരായ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ

എന്നാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗെഹ്‌ലോട്ടിന്റെ വിശ്വസ്തരായ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശ ചെയ്യുന്നു. ശാന്തി ധാരിവാള്‍, മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

അശോക് ​ഗെഹ്‍ലോട്ട്
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വട്ടം കറങ്ങി കോണ്‍ഗ്രസ്; ആര് വരും പാർട്ടിയെ നയിക്കാന്‍?

ഒമ്പത് പേജുള്ള റിപ്പോർട്ടിൽ ഞായറാഴ്ച മുതലുള്ള സംഭവവികാസങ്ങൾ കാര്യകാരണ സഹിതം പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് സമാന്തര യോഗം സംഘടിപ്പിച്ച എംഎൽഎമാരുടെ ഭാഗത്തുനിന്നുണ്ടായത് കടുത്ത അച്ചടക്കമില്ലായ്മയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന വിവാദം കോൺ​ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള ഗെഹ്‌ലോട്ടിന്റെ സ്ഥാനാർത്ഥിത്വം പോലും അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരീക്ഷകർ നൽകിയ റിപ്പോർട്ട് അശോക് ​ഗെഹ്‍ലോട്ടിന് ആശ്വാസം പകരുന്നതാണ്. രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ നിയമിക്കാനുള്ള നീക്കത്തെ തുടർന്ന് ഗെഹ്‌ലോട്ടിന്റെ വിശ്വസ്തരായ നിരവധി എം‌എൽ‌എമാർ രാജി ഭീഷണി ഉയര്‍ത്തി പ്രതിരോധിക്കുകയായിരുന്നു. ഇതോടെ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന വിവാദം കോൺ​ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള ഗെഹ്‌ലോട്ടിന്റെ സ്ഥാനാർത്ഥിത്വം പോലും അനിശ്ചിതത്വത്തിലാക്കിയിരുന്നു.

എംഎൽഎമാരുടെ നേതൃത്വത്തിൽ സമാന്തര യോ​ഗം ചേർന്ന് ​ഗെഹ്‍ലോട്ടിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന് പ്രമേയം പാസാക്കുകയായിരുന്നു. അല്ലാത്തപക്ഷം ​ഗെഹ്‍ലോട്ട് നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ കൂട്ടരാജിയുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് അജയ് മാക്കനും മല്ലികാർജുൻ ഖാർഗെയും എംഎൽ‌എമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും അവർ നിരസിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in