നളിനി
നളിനി

രാജീവ് ഗാന്ധി വധക്കേസ്: മോചനമാവശ്യപ്പെട്ട് നളിനി സുപ്രിം കോടതിയില്‍

സുപ്രിംകോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി
Updated on
1 min read

രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളനു പിന്നാലെ ജയില്‍ മോചനമാവശ്യപ്പെട്ട് പ്രതിയായ നളിനി സുപ്രിംകോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. ഭരണഘടനാ അനുച്ഛേദം 161 പ്രകാരം വിട്ടയക്കണമെന്നാണ് ആവശ്യം. പേരറിവാളിനെ വിട്ടയച്ചുകൊണ്ടുള്ള വിധിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച നളിനി വര്‍ഷങ്ങളായി ജയിലിലാണ്. 1999ലാണ് നളിനിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. 1991 മെയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ഉണ്ടായ സ്ഫോടനത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കം 21 പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മേയ് 18 നാണ് പേരറിവാളനെ വിട്ടയച്ചത്. ഈ പശ്ചാത്തലത്തിലാണ് സമാനമായ വിധി തന്റെ കാര്യത്തിലും വേണമെന്ന് ആവശ്യപ്പെട്ട് നളിനി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.പ്രതികളായ നളിനിയുടേയും രവി ചന്ദ്രന്റേയും ദയാ ഹര്‍ജി 2015 മുതല്‍ തമിഴ്‌നാട് ഗവണ്‍മെന്റിന്റെ പരിഗണയിലാണ്. നിലവില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ നളിനിയും രവി ചന്ദ്രനും മാത്രമാണ് വിടുതല്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

പേരറിവാളന്റെ മോചനത്തിന്റെ പശ്ചാത്തലത്തില്‍ നളിനിക്കും മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മ പത്മ ശങ്കരനാരായണന്‍. പത്തൊമ്പതാമത്തെ വയസില്‍ അറസ്റ്റ്‌ചെയ്യപ്പെട്ട പേരറിവാളന്‍ 30 വര്‍ഷത്തിന് ശേഷമാണ് ജയില്‍മോചിതനായത്. ഭരണഘടനാ അനുച്ഛേദം 161 പ്രകാരം മോചനം ആവശ്യപ്പെട്ട് പേരറിവാളന്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ മറുപടി നല്‍കാത്തതിനെതുടര്‍ന്ന് പിന്നീട് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനം എടുക്കുന്നത് വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു സുപ്രീം കോടതി പേരറിവാളിനെ മോചിപ്പിച്ചത്.

logo
The Fourth
www.thefourthnews.in