'തല്ലിയെ തള്ളി രാജീവിനെ സ്ഥാപിക്കുന്നു'; തെലങ്കാനയിലെ ഒടുങ്ങാത്ത പ്രതിമപ്പോര്‌

'തല്ലിയെ തള്ളി രാജീവിനെ സ്ഥാപിക്കുന്നു'; തെലങ്കാനയിലെ ഒടുങ്ങാത്ത പ്രതിമപ്പോര്‌

തെലങ്കാന സെക്രട്ടറിയേറ്റിന് മുന്നില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ നീക്കമാണ് വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്
Updated on
2 min read

നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിമയായിരുന്നു തെലങ്കാനയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഛത്രപതി ശിവജിയുടെ പ്രതിമ തെലങ്കാനയില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ ചെറുക്കാന്‍ അംബ്ദേകറൈറ്റ് സംഘടനകള്‍ രംഗത്തുവന്നതും അതേത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളും തെലങ്കാനയെ മുള്‍മുനയില്‍ നിര്‍ത്തിയ ദിനങ്ങളായിരുന്നു. തെലങ്കാന മേഖലയിലെ സമൃദ്ധിയുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന 'തല്ലി' പ്രതിമയെ ചൊല്ലിയായിരുന്നു മറ്റൊരു തര്‍ക്കം. ബിആര്‍എസിന്റെ കൊടിയുടെ നിറമായ പിങ്ക് നിറമുള്ള ഉടയാട ചുറ്റി 'തല്ലി' പ്രതിമ സ്ഥാപിക്കുന്നതിന് എതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷവും തെലങ്കാനയില്‍ പ്രതിമ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് പുതിയ വിവാദങ്ങളിലെ നായകന്‍.

തെലങ്കാന സെക്രട്ടറിയേറ്റിന് മുന്നില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ നീക്കമാണ് വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ 'തല്ലി' പ്രതിമ സ്ഥാപിക്കാനായി ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ കണ്ടുവച്ചിരുന്ന സ്ഥലത്താണ് രാജീവിന്റെ പ്രതിമ സ്ഥാപിക്കാന്‍ രേവന്ത് റെഡ്ഡി ശിലാ സ്ഥാപനം നടത്തിയത് എന്നാരോപിച്ച് ബിആര്‍എസ് രംഗത്തെത്തിയതോടെയാണ് പ്രതിമയെ ചൊല്ലിയുള്ള രാഷ്ട്രീയ പോരിന് തുടക്കമായത്.

തെലങ്കാനയുടെ തനത് സാസ്‌കാരിക പൈതൃകത്തെ സൂചിപ്പിക്കുന്ന 'തല്ലി' പ്രതിമയ്ക്ക് പകരം, ഒരു ദേശീയ വ്യക്തിത്വത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത് തെലങ്കാനയുടെ സവിശേഷമായ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തെ നിരാകരിക്കുന്നതാണ് എന്നാണ് ബിആര്‍എസ് ആരോപിക്കുന്നത്. '

തെലങ്കാന രക്തസാക്ഷി സ്മാരകത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കന്ന സ്വര്‍ണത്തില്‍ നിര്‍മ്മിച്ച തല്ലി പ്രതിമ
തെലങ്കാന രക്തസാക്ഷി സ്മാരകത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കന്ന സ്വര്‍ണത്തില്‍ നിര്‍മ്മിച്ച തല്ലി പ്രതിമ

ഡോ. ബിആര്‍ അംബേദ്കര്‍, ഇന്ദിര ഗാന്ധി, പി വി നരസിംഹ റാവു എന്നിവരുടെ പ്രതിമകളുള്ള തെലങ്കാന സെക്രട്ടറിയേറ്റില്‍ രാജീവ് ഗാന്ധിയുടെ പ്രതിമയുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജീവിന്റെ പ്രതിമ സ്ഥാപിക്കാന്‍ രേവന്ത് റെഡ്ഡി മുന്നിട്ടിറങ്ങിയത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടി ജീവന്‍ ബലിനല്‍കിയ നേതാവാണ് രാജീവ് ഗാന്ധിയെന്നും ശിലാസ്ഥാപന വേളയില്‍ രേവന്ത് റെഡ്ഡി പറഞ്ഞു. സോണിയ ഗാന്ധി ആയിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'തെലങ്കാനയുടെ അമ്മ'

തെലങ്കാന മേഖലയിലെ സമൃദ്ധിയുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന 'തല്ലി' പ്രതിമ സംസ്ഥാനത്തിന്റെ പൊതുവികാരമാണ്. അമ്മയായും ദേവിയായുമൊക്കെ തെലുങ്ക് ജനത ഈ പ്രതിമയെ ആദരിച്ചുവരുന്നു. തെലങ്കാന പ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളും ഈ പ്രതിമയുടെ രൂപത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിനിടെ 2003-ലാണ് 'തല്ലി' പ്രതിമ ആദ്യമായി രൂപകല്‍പന ചെയ്തത്. 2015-ല്‍ കെസിആര്‍ സര്‍ക്കാര്‍ ചില മാറ്റങ്ങളോടെ ഇത് അംഗീകരിച്ചു. ഒരു കൈയില്‍ വിളവെടുത്ത ചോളവും മറുകൈയില്‍ തെലങ്കാനയുടെ സാംസ്‌കാരിക പ്രതീകമായ 'ബത്തുകമ്മ'യും പിടിച്ച് നില്‍ക്കുന്ന സ്ത്രീരൂപമാണ് 'തല്ലി' പ്രതിമ.

'തല്ലിയെ തള്ളി രാജീവിനെ സ്ഥാപിക്കുന്നു'; തെലങ്കാനയിലെ ഒടുങ്ങാത്ത പ്രതിമപ്പോര്‌
കര്‍ഷകരുടെ 'രക്ഷകന്‍', കേന്ദ്രത്തിനും സമരക്കാര്‍ക്കും ഇടയിലെ മധ്യസ്ഥന്‍; പ്രതിച്ഛായ മാറ്റി ഭഗവന്ത് മന്‍

തെലങ്കാനയില്‍ ആകമാനം പ്രതിമ സ്ഥാപിക്കപ്പെട്ടു. പക്ഷേ, പിങ്ക് നിറം വിവാദമായി. തെലങ്കാന രൂപീകരണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും തങ്ങളുടെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കാനായി ബിആര്‍എസ് തങ്ങളുടെ പാര്‍ട്ടി പതാകയുടെ നിറം പ്രതിമയ്ക്ക് നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. 2022-ല്‍ ത്രിവര്‍ണ പതാകയുടെ നിറത്തില്‍ രേവന്ത് റെഡ്ഡി ഒരു 'തല്ലി' പ്രതിമ അനാച്ഛാദനം ചെയ്തു. ഈ പ്രതിമ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

'തല്ലി' പ്രതിമയുടെ രൂപം മാറ്റാനും രേവന്ത് റെഡ്ഡി പദ്ധതിയിടുന്നുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ധരിച്ചുള്ള പ്രതിമയാണ് 'തെലങ്കാന തല്ലി'യുടേതായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതുകൊണ്ടാണ് പ്രതിമയുടെ രൂപം മാറ്റാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. ''പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങി സാധാരണക്കാരും കൂടി ഉള്‍പ്പെടുന്നതാണ് തെലങ്കാന സമൂഹം. നമ്മുടെ അമ്മമാരും സഹോദരിമാരും സ്വര്‍ണവും ഡയമണ്ടും നിറഞ്ഞ ആഭരണങ്ങളോ കിരീടമോ സ്വര്‍ണ അരഞ്ഞാണമോ ധരിച്ചു നടക്കാറില്ല. ഇതെല്ലാം ഫ്യൂഡല്‍ വ്യവസ്ഥയുടെ ആചാരമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം 'തെലങ്കാന തല്ലി' ഒരു തൊഴിലാളിവര്‍ഗ സ്ത്രീയുടെ പ്രതിനിധാനം ആയിരിക്കണം, അത് സ്‌നേഹത്തിന്റെ പ്രതീകവും കൂടിയാണ്'', അദ്ദേഹം പറഞ്ഞു. രേവന്ത് റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് അദ്ദേഹത്തിന്റെ ഭാര്യയും മകളും നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് ഇതിനോട് ബിആര്‍എസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

രേവന്ത് റെഡ്ഡി
രേവന്ത് റെഡ്ഡി

തെലങ്കാന വികാരം ഉയര്‍ത്തി പിടിച്ചുനിന്ന ബിആര്‍എസിനെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച് ഒതുക്കിയാണ് കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത്. തെലങ്കാന പ്രക്ഷോഭകാരികളെയും രക്തസാക്ഷികളെയും ബിആര്‍എസ് അവഗണിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. അധികാരത്തിലെത്തിയതിന് പിന്നാലെ, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിലെ 'ടിഎസ്' മാറ്റി 'ടിജി' എന്നാക്കിയും തെലങ്കാന പ്രക്ഷോഭത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്ന 'ജയ ജയ തെലങ്കാന' എന്ന ഗാനം ഔദ്യോഗിക ഗാനമാക്കിയും സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നം മാറ്റിയും കോണ്‍ഗ്രസ് ബിആര്‍എസിന്റെ തെലങ്കാന പ്രക്ഷോഭ ക്രെഡിറ്റ് ഓരോന്നായി സ്വന്തം അക്കൗണ്ടിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അതിനിടെയാണ് 'തല്ലി-രാജീവ്' വിവാദം ഉയര്‍ന്നുവന്നത്.

logo
The Fourth
www.thefourthnews.in