അമിത് ഷായെ 'ഒതുക്കി'; 'സൂപ്പര്‍ ക്യാബിനറ്റില്‍' രാജ്‌നാഥ് സിങ്; പിടിമുറുക്കുന്നോ ആര്‍എസ്എസ്?
മൂന്നാം മോദി സര്‍ക്കാരിന്റെ ക്യാബിനറ്റ് പാനല്‍ രൂപീകരണം അവസാനിച്ചപ്പോള്‍ വ്യക്തമാകുന്ന ഒന്നുണ്ട്, ഈ മന്ത്രിസഭയില്‍ രണ്ടാമന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായല്ല, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആണ്. നിയമന നടപടികള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയില്‍ ഒഴിച്ച് ബാക്കിയെല്ലാ കമ്മിറ്റികളിലും രാജ്‌നാഥ് സിങ് ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടാം മോദി മന്ത്രിസഭയിലെ എട്ട് പാനലുകളില്‍ എല്ലാ കമ്മിറ്റികളിലും ഉള്‍പ്പെട്ടിരുന്നത് അമിത് ഷാ മാത്രമായിരുന്നു. രാജ്‌നാഥ് സിങ് മൂന്നു സമിതികളില്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് (എസിസി)യില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ രാജ്‌നാഥ് സിങാണ് മോദിക്കൊപ്പം ഈ കമ്മിറ്റിയില്‍ ഇടംപിടിച്ചത്. ഇതോടെ, തിരഞ്ഞെടുപ്പിലെ തിളക്കം കുറഞ്ഞ വിജയത്തിന് ശേഷം ബിജെപിയില്‍ അമിത് ഷായുടെ സ്വാധീനം കുറയുന്നതായാണ് സൂചന.
നരേന്ദ്ര മോദിയോടും അമിത് ഷായോടുമുള്ള ആര്‍എസ്എസ് വിയോജിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് രാജ്‌നാഥ് സിങിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാകുന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ജനങ്ങളില്‍ നിന്നകന്നതാണ് എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് മോദിക്കും അമിത് ഷായ്ക്കും എതിരെ ഉയര്‍ന്നിരുന്നു. ഇനിയും മോദി-ഷാ കൂട്ടുകെട്ട് അതിരുകടന്ന് പോകരുതെന്ന് ആര്‍എസ്എസ് കണക്കുകൂട്ടുന്നു.
''സൂപ്പര്‍ ക്യാബിനറ്റ്'' എന്നാണ് ഈ സമിതി അറിയപ്പെടുന്നത് തന്നെ. ഈ സമിതിയിലേക്ക് രാജ്‌നാഥ് സിങ് കടന്നുവരുമ്പോള്‍, മോദിയുടേയും അമിത് ഷായുടേയും അപ്രമാദിത്യം കുറയും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ മോദിക്ക് മുകളില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നത് അമിത് ഷായാണെന്ന വിമര്‍ശനം ആര്‍എസ്എസിന് അകത്തുണ്ട്
കഴിഞ്ഞതവണ അമിത് ഷാ അധ്യക്ഷനായിരുന്ന ക്യാബിനറ്റ് കമ്മിറ്റി ഓഫ് അക്കോമഡേഷനില്‍ ഇത്തവണയും അദ്ദേഹം തന്നെ അധ്യക്ഷനായി തുടരും. ഈ കമ്മിറ്റിയില്‍ രാജ്‌നാഥ് സിങിനെ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രധാനപ്പെട്ട കമ്മിറ്റിയായ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ കഴിഞ്ഞ തവണ രാജ്‌നാഥ് സിങിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം, സാമ്പത്തിക ഇടപെടലുകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന സുപ്രധാന കമ്മിറ്റിയാണിത്. ''സൂപ്പര്‍ ക്യാബിനറ്റ്'' എന്നാണ് ഈ സമിതി അറിയപ്പെടുന്നത് തന്നെ. ഈ സമിതിയിലേക്ക് രാജ്‌നാഥ് സിങ് കടന്നുവരുമ്പോള്‍, മോദിയുടേയും അമിത് ഷായുടേയും അപ്രമാദിത്യം കുറയും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ മോദിക്ക് മുകളില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നത് അമിത് ഷായാണെന്ന വിമര്‍ശനം ആര്‍എസ്എസിന് അകത്തുണ്ട്. ഇതിന് കടിഞ്ഞാണിടാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നതായി വേണം ഈ നീക്കത്തില്‍ നിന്ന് മനസിലാക്കാനെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മറ്റൊരു പ്രധാനപ്പെട്ട വിഷയം, ഒരു കമ്മിറ്റിയില്‍ ഒഴിച്ച് ബാക്കിയെല്ലാ കമ്മിറ്റികളിലും സഖ്യകക്ഷി മന്ത്രിമാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്. 2014 മുതല്‍ ഒരൊറ്റ കമ്മിറ്റിയില്‍ പോലും സഖ്യകക്ഷി മന്ത്രിമാരെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ സഖ്യകക്ഷികളെ വേണ്ടവിധം പരിഗണിക്കാതെ തരമില്ലാത്ത സാഹചര്യമാണ് നിലവില്‍ ബിജെപിക്കുള്ളത്. ഇതേത്തുടര്‍ന്നാണ് എല്ലാ കമ്മിറ്റികളിലും സഖ്യകക്ഷി മന്ത്രിമാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്നാം മോദി മന്ത്രിസഭയില്‍ സഖ്യകക്ഷികള്‍ക്ക് എത്ര പ്രാധാന്യം ലഭിക്കുമെന്നായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ ആരംഭിച്ചതുമുതല്‍ ഉയര്‍ന്നിരുന്ന ചര്‍ച്ചകള്‍. കടുംപിടിത്തത്തിന് നില്‍ക്കാതെ പ്രധാന സഖ്യകക്ഷികളായ ടിഡിപിയേയും ജെഡിയുവിനേയും പരിഗണിച്ച് മുന്നണി ബന്ധം ഉറപ്പിച്ച ബിജെപിക്ക് മുന്നിലുണ്ടായിരുന്ന അടുത്ത കടമ്പയായിരുന്നു ക്യാബിനറ്റ് പാനല്‍ രൂപീകരണങ്ങള്‍. ഇതും സഖ്യകക്ഷികളെ പിണക്കാതെ തന്നെ ബിജെപി കൈകാര്യം ചെയ്തു.
പ്രധാനപ്പെട്ട സമിതിയായ സുരക്ഷാ കമ്മിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, എസ് ജയ്ശങ്കര്‍ എന്നിവരാണുള്ളത്. ഈ കമ്മിറ്റിയില്‍ മാത്രമാണ് സഖ്യകക്ഷി മന്ത്രിമാരെ ഉള്‍പ്പെടുത്താതിരുന്നത്. പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ കെ റാംമോഹന്‍ നായിഡു, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുടെ ജിതിന്‍ റാം മാഞ്ചി എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്ധ്രയ്ക്ക് പ്രത്യേക പദവി അടക്കം ഉറപ്പുനല്‍കിയാണ് ടിഡിപിയെ ബിജെപി കൂടെനിര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ടിഡിപിയെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്‌നാഥ് സിങിനെ പോലുള്ള നേതാക്കളെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകാനുള്ള മോദിയുടെ തീരുമാനം, ആര്‍എസ്എസിന്റെ രോഷം തണുപ്പിക്കാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക നയം രൂപീകരിക്കുന്നതില്‍ പങ്കുവഹിക്കുന്ന സാമ്പത്തിക സമിതിയില്‍ ജെഡുയുവിന്റെ ലാലന്‍ സിങിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ജെപി (രാംവിലാസ്) നേതാവ് ചിരാഗ് പാസ്വാനെ നിക്ഷേപവും വളര്‍ച്ചയും സമിതിയില്‍ ഉള്‍പ്പെടുത്തി. തൊഴിലും നൈപുണ്യവും സമിതിയില്‍ ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരിയെ പ്രത്യേക ക്ഷണിതാവാക്കി.
രാജ്‌നാഥ് സിങിനെ പോലുള്ള നേതാക്കളെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകാനുള്ള മോദിയുടെ തീരുമാനം, ആര്‍എസ്എസിന്റെ രോഷം തണുപ്പിക്കാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍. അമിത് ഷായുടെ 'രണ്ടാമന്‍' സ്ഥാനം ഇതോടെ ഏറെക്കുറെ അപ്രസക്തമായി. കഴിഞ്ഞ സര്‍ക്കാരില്‍ മോദി കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ രാജ്‌നാഥ് സിങ് ആയിരുന്നിട്ടും അമിത് ഷായാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ ആയിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളിലെ സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നതും അമിത് ഷാ ആയിരുന്നു. മോദിയും അമിത് ഷായും ചേര്‍ന്നാണ് ബിജെപിയുടെ ക്യാമ്പയിനുകളെല്ലാം നിയന്ത്രിച്ചിരുന്നതും. മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളെ എത്തിച്ചിരുന്നതും സംസ്ഥാന സര്‍ക്കാരുകളെ മറിച്ചിടാന്‍ ചുക്കാന്‍ പിടിച്ചിരുന്നതും അമിത് ഷായായിരുന്നു.എന്നാല്‍ അഴിമതിക്കാരായ നേതാക്കളെ കൂടെക്കൂട്ടി അമിത് ഷാ ബിജെപിയുടെ പ്രചതിച്ഛായ നശിപ്പിച്ചു എന്നാണ് ആര്‍എസ്എസ് വിമര്‍ശനം. മോദിയേയും അമിത് ഷായേയും ഇനിയും കയറൂരി വിട്ടാല്‍ കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്ന് സംഘപരിവാര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗാമയാണ് പതിമൂന്നാം വയസില്‍ ആര്‍എസ്എസില്‍ ചേര്‍ന്ന രാജ്‌നാഥ് സിങിനെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് ബിജെപി തിരികെയെത്തിക്കുന്നത്.