'കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറ തകർത്തു'; ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിങ്
ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കെ കൂടിക്കാഴ്ച നടത്തി ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ. അതിർത്തി മേഖലയായ ഗാൽവൻ കുന്നുകളിൽ ഇരുസൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിന് ശേഷമുള്ള ആദ്യ ചർച്ചയാണിത്. അതിർത്തിയിലെ ശാന്തിയുടെയും സമാധാനത്തിന്റെയും അടിസ്ഥാനത്തിലാകും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വികസിക്കുകയെന്ന് രാജ്‌നാഥ് സിങ് പറഞ്ഞതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷം ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ്
ചൈനയുടെ പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്‌ഫുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ശക്തമായ സന്ദേശമാണ് രാജ്‌നാഥ് സിങ് നൽകിയതെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്കും പ്രതിബദ്ധതകൾക്കും അനുസൃതമായി അതിർത്തിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കി. സൈന്യത്തിന്റെ പിന്മാറ്റത്തിനനുസരിച്ചാകും അതിർത്തിയിൽ തർക്കങ്ങൾക്ക് അയവ് വരികയെന്നും പ്രസ്താവനയിൽ പറയുന്നു. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷന്റെ യോഗത്തോടനുബന്ധിച്ചായിരുന്നു ചർച്ച.
ഇന്ത്യയുടെയും ചൈനയുടെയും സൈനിക മേധാവികൾ തമ്മിൽ 19 തവണ ചർച്ചകൾ നടന്നെങ്കിലും കിഴക്കൻ ലഡാക്ക് മേഖലയിലെ തർക്കം പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതും അതിർത്തി പ്രദേശങ്ങളിൽ സമാധാനം സംരക്ഷിക്കുന്നതും വേഗത്തിലാക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം, ജി 20 യോഗത്തിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്മായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇന്ത്യ-ചൈന ബന്ധത്തിന്റെ അവസ്ഥ അസാധാരണമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആദ്യമായിരുന്നു ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷം ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ്. സംഘർഷത്തിൽ ഇരുപതോളം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. 40 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 2020 മുതൽ കിഴക്കൻ ലഡാക്കിൽ നടന്നുവരുന്ന സംഘർഷങ്ങളുടെ സാഹചര്യം പരിശോധിക്കാൻ മുൻപും ഇരുരാജ്യങ്ങളും തമ്മിൽ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.