ജയാ ബച്ചന്‍ വീണ്ടും രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക സമർപ്പിച്ചു, ആസ്തി 1578 കോടി
ബോളിവുഡ് താരം ജയാ ബച്ചന്‍ വീണ്ടും രാജ്യസഭയിലേക്ക്. സമാജ് വാദി പാര്‍ട്ടിയാണ് ജയാ ബച്ചനെ തുടര്‍ച്ചയായി അഞ്ചാം തവണയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. 2004 മുതല്‍ രാജ്യസഭാംഗമാണ് ജയാ ബച്ചന്‍. ജയാ ബച്ചന് പുറമെ സമാജ് വാദി (എസ്പി) സ്ഥാനാർഥികളായ റാംജി ലാൽ സുമൻ, അലോക് രഞ്ജൻ എന്നിവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജയയുടെയും ഭര്‍ത്താവും ബോളിവുഡ് താരവുമായ അമിതാഭ് ബച്ചന്റെയും ഉടമസ്ഥതയിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകളും സമർപ്പിച്ചിരുന്നു. സത്യവാങ്മൂലത്തില്‍ പറയുന്നത് പ്രകാരം ഇരുവരുടെയും ആസ്തി 1,578 കോടി രൂപയാണ്.
ജയാ ബച്ചന്റെ വ്യക്തിഗത ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ്. ഇതിൽ 729.77 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 849.11 കോടി രൂപയുടെ ജംഗമ സ്വത്തുക്കളുമാണ് ജയാ ബച്ചനുള്ളത്.
2004 മുതൽ സമാജ് വാദി പാര്‍ട്ടി അംഗമായ ജയാ ബച്ചന്‍ ബ്രാന്‍ഡ് അംഗീകാരങ്ങള്‍, എംപി ശമ്പളം, പ്രൊഫഷണല്‍ ഫീസ് എന്നിവയില്‍ നിന്നാണ് സ്വത്ത് സമ്പാദിക്കുന്നത്. അതേസമയം, അമിതാഭ് ബച്ചന്‍ പലിശ, വാടക, ലാഭവിഹിതം, മൂലധന നേട്ടം, സോളാര്‍ പ്ലാന്റില്‍ നിന്നുള്ള വരുമാനം എന്നിവയില്‍ നിന്നാണ് വരുമാനം സമ്പാദിക്കുന്നത്. ജയയുടെ പക്കല്‍ 41 കോടിയോളം മൂല്യമുള്ള ആഭരണങ്ങളുണ്ട്, അതേസമയം, അമിതാഭ് ബച്ചന്റെ പക്കൽ 54.77 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഉള്ളത്. രണ്ട് ബെന്‍സും ഒരു റേഞ്ച് റോവറുമടക്കം പതിനേഴോളം വാഹനങ്ങളുണ്ട്. ഇവയെല്ലാം ചേര്‍ന്നാൽ ഏകദേശം 18 കോടിയോളം വിലവരും.
ജയാ ബച്ചന്റെ ബാങ്ക് ബാലന്‍സ് പത്ത് കൊടിയിലധികവും (10,11,33,172) രൂപയും അമിതാഭ് ബച്ചന്റേത് നൂറ് കോടിയിലധികം (120,45,62,083) രൂപയുമാണ്.
ജയാ ബച്ചനൊപ്പം നാമനിർദേശ പട്ടിക സമർപ്പിച്ചറാംജി ലാൽ സുമന് 73, 1.85 കോടിയുടെ സ്ഥാവര സ്വത്തുക്കളാണ് സ്വന്തമായുള്ളത്, 2022-23ൽ സാമ്പത്തിക വർഷത്തിൽ അദ്ദേഹത്തിൻ്റെ വരുമാനം 1.20 ലക്ഷം രൂപ മാത്രമായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അലോക് രഞ്ജന്റെ മൊത്തം ആസ്തി ഏകദേശം 12.39 കോടി രൂപയാണ്.
ഫെബ്രുവരി 27നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ 403 അംഗ നിയമസഭയില്‍ എസ് പിക്ക് 108 സീറ്റുകളും ഭരണകക്ഷിയായ ബി ജെ പിക്ക് 252 അംഗങ്ങളുമാണ് ആണ് ഉള്ളത്.