രാമനവമി ദിനത്തിലെ അക്രമം: ബംഗാൾ സർക്കാരിന് തിരിച്ചടി, അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി

രാമനവമി ദിനത്തിലെ അക്രമം: ബംഗാൾ സർക്കാരിന് തിരിച്ചടി, അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി

സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്
Updated on
1 min read

രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്നുണ്ടായ കേസുകളുടെ അന്വേഷണം എൻഐഎക്ക് കൈമാറിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പ്രത്യേക അനുമതി ഹർജി (എസ്‌എൽപി) പരിഗണിക്കാൻ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഹർജി തള്ളിയത്.

രാമനവമി ദിനത്തിലെ അക്രമം: ബംഗാൾ സർക്കാരിന് തിരിച്ചടി, അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി
രാമനവമി ആഘോഷങ്ങൾക്കിടയിൽ വ്യാപക അക്രമം ; ഘോഷയാത്രയിൽ ഗോഡ്‌സെയുടെ പോസ്റ്ററും

ഏപ്രിലിൽ രാമനവമി ആഘോഷത്തിനിടെയും അതിനുശേഷവും ഹൗറയിലും ഹൂഗ്ലിയിലും നടന്ന അക്രമസംഭവങ്ങളിൽ എൻഐഎ അന്വേഷണത്തിന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം എല്ലാ എഫ്‌ഐആറുകളും രേഖകളും പിടിച്ചെടുത്ത വസ്തുക്കളും സിസിടിവി ദൃശ്യങ്ങളും എൻഐഎയ്ക്ക് കൈമാറിയതായി ഉറപ്പാക്കണമെന്ന് ഹൈക്കോടതി സംസ്ഥാന പോലീസിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സുവേന്ദു അധികാരിയുടേത് രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും ഏപ്രിലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമ സംഭവങ്ങളിൽ സ്ഫോടക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും സർക്കാർ വാദിച്ചു.

മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള കാലയളവിൽ, അക്രമസംഭവങ്ങളും സ്ഫോടനങ്ങളും സംബന്ധിച്ച് ബംഗാളിലെ നാല് പോലീസ് സ്റ്റേഷനുകളിൽ ആകെ ആറ്എഫ്ഐആറാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആറ് എഫ്‌ഐആറുകളും രാമനവമി സംഭവങ്ങളുമായി ബന്ധപ്പെട്ടതാണോയെന്ന് പരിശോധിച്ചിട്ടുണ്ടെന്ന് എൻഐഎയെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിന് മുൻപാകെ വ്യക്തമാക്കി. ഈ എഫ്‌ഐആറുകൾക്ക് രാമനവമി ഘോഷയാത്രയുമായി ബന്ധമുണ്ടെന്ന് അവരുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചതായും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

എന്നാൽ, ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ബംഗാൾ സർക്കാർ ഇതുവരെ സംഭവങ്ങളുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും എൻഐഎയ്ക്ക് നൽകിയിട്ടില്ലെന്നും മേത്ത കോടതിയെ അറിയിച്ചു. അതേസമയം, ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ ഗോപാൽ ശങ്കർ നാരായൺ ആരോപണങ്ങൾ തള്ളി. കുറ്റാരോപിതരായ ഒരു വ്യക്തിയെയും തങ്ങൾ സംരക്ഷിക്കുന്നില്ലെന്നും വിവിധ സമുദായങ്ങളിൽ നിന്നുള്ള വ്യക്തികളെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാമനവമി ഘോഷയാത്രയ്ക്കിടെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചെന്ന ആരോപണങ്ങൾ നിരസിച്ചതിനെ ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, അത്തരം ആരോപണങ്ങൾ പൂർണമായും തള്ളിക്കളയാനാകുമോ എന്ന് ചോദിച്ചു.

ഘോഷയാത്രയിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് കോടതി വിലയിരുത്തണമെന്ന് ബംഗാൾ സർക്കാർ അഭിഭാഷകൻ വാദിച്ചു. സംസ്ഥാന ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ദിവസത്തെ രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട ആറ് എഫ്‌ഐആറുകളിൽ ഒന്നിൽ മാത്രമാണ് കൽക്കട്ട ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

രാമനവമി ആഘോഷത്തിനിടെ ഹൗറയിലെ ഷിബ്പൂരിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി വാഹനങ്ങൾക്ക് തീയിടുകയും കല്ലെറിയുകയും കടകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൂഗ്ലി ജില്ലയിലെ റിഷ്‌റയിലും ഉത്തർ ദിനാജ്പൂർ ജില്ലയിലെ ദൽഖോലയിലും സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in