രാമേശ്വരം കഫെ സ്‌ഫോടനം: ബോംബ് വച്ചയാളെ കണ്ടെത്താനായില്ല, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

രാമേശ്വരം കഫെ സ്‌ഫോടനം: ബോംബ് വച്ചയാളെ കണ്ടെത്താനായില്ല, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

പ്രതിക്കായി വ്യാപക അന്വേഷണം, തിരക്കുള്ള ഇടങ്ങളിൽ പട്രോളിംഗ് വർധിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
Updated on
2 min read

രാമേശ്വരം കഫെയില്‍ ബാഗിലൊളിപ്പിച്ച ബോംബ് വച്ച് സ്‌ഫോടനം നടത്തിയ അജ്ഞാതനായ അക്രമി ആരാണ്? കഫേയിലെയും നിരത്തിലെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞ മാസ്‌കും സണ്‍ ഗ്ലാസും തൊപ്പിയുമണിഞ്ഞ പ്രതിയെന്നു സംശയിക്കുന്നയാള്‍ എങ്ങോട്ടു പോയ്മറഞ്ഞു. സ്‌ഫോടനം നടന്നു 24 മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഉത്തരമില്ല കര്‍ണാടക പോലീസിന്. സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ കാണുന്ന ആളോട് സാമ്യമുള്ള നാല്‌പേരെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രതി റോഡിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യം.
പ്രതി റോഡിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യം.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പോലീസിന്റെ ഉന്നതതല യോഗത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ വിവരങ്ങള്‍ പങ്ക് വെക്കാനുണ്ടായിരുന്നില്ല. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി പ്രതിയെ പിടിക്കാന്‍ അന്വേഷണ സംഘത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്തെങ്കിലും സംഭവിച്ചതിനു ശേഷമല്ല പോലീസ് ഉണരേണ്ടത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത കാണിക്കണം . തിരക്കുള്ള നഗരങ്ങളില്‍ കൂടുതല്‍ ആള്‍കൂട്ടം പതിവായി കാണപ്പെടുന്ന ഇടങ്ങളില്‍ പട്രോളിംഗ് വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിച്ചു.

സ്‌ഫോടനത്തിന്റെ സ്വഭാവം കണക്കിലെടുത്തു മുന്‍പ് കര്‍ണാടകയിലുണ്ടായ സമാന സ്‌ഫോടന കേസുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. 2022-ല്‍ മംഗളൂരുവില്‍ ഉണ്ടായ കുക്കര്‍ സ്‌ഫോടനകേസാണ് സമാന രീതിയില്‍ നടന്നത്. ആളുകളില്‍ ഭീതി ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന തീവ്രത കുറഞ്ഞ ഐ ഇ ഡി സ്‌ഫോടനമാണ് രാമേശ്വരം കഫെയില്‍ നടത്തിയതെന്ന് കര്‍ണാടക പോലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്യുറോ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിവൈരാഗ്യം, ബിസിനസ് കുടിപ്പക, തീവ്രവാദ സംഘടനകളുടെ പങ്ക് തുടങ്ങിയ ഘടകങ്ങളെല്ലാം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വൈകാതെ പ്രതി പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് സിസിബി. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളം, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകളെല്ലാം പോലീസ് പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തൊപ്പിയും സണ്‍ ഗ്ലാസും മാസ്‌കും ധരിച്ചതിനാല്‍ പ്രതിയെ അത്രപെട്ടന്നോന്നും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്.

സ്‌ഫോടനം നടന്ന കഫെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദര്‍ശിക്കുന്നു.
സ്‌ഫോടനം നടന്ന കഫെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദര്‍ശിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ബെംഗളൂരു ബ്രൂക്ക് ഫീല്‍ഡിലെ രാമേശ്വരം കഫെയില്‍ അജ്ഞാതന്‍ ഉപേക്ഷിച്ച ബാഗില്‍ സൂക്ഷിച്ച വസ്തുപൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും കഫെയുടെ മുന്‍വശം ഭാഗികമായി തകരുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജെന്‍സി ഉള്‍പ്പടെ സ്‌ഫോടന കേസ് അന്വേഷിച്ചു വരികയാണ്.

logo
The Fourth
www.thefourthnews.in