റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ; പലിശ നിരക്ക് ഉയരും

റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ; പലിശ നിരക്ക് ഉയരും

2018 ഓഗസ്റ്റിന് ശേഷം ഇത് ആദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്
Updated on
1 min read

പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 35 ബേസിസ് പോയിന്റാണ് റിപ്പോ നിരക്കിൽ ഉയർത്തത്. ഇതോടെ റിപ്പോ 6.25 ശതമാനമായി. ഈ സാമ്പത്തിക വർഷം ഇത് അഞ്ചാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടെ കാർ, ഭവന വായ്പാ നിരക്കുകളും ഉയരുമെന്നാണ് റിപ്പോർട്ട്. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

പണപ്പെരുപ്പം ആർബിഐയുടെ ടോളറൻസ് ബാൻഡിന്റെ മുകളിൽ തുടരുന്നതിനാലാണ് നിരക്ക് വീണ്ടും ഉയർത്തിയത്. രണ്ട് മുതൽ ആറ് ശതമാനം വരെയാണ് ആർബിഐയുടെ പരിധി. എന്നാൽ ഒക്ടോബറിലെ രാജ്യത്തെ പണപ്പെരുപ്പം 7.41 നവംബറിലേത് 6.7 ശതമാനവും ആയിരുന്നു. അടുത്ത 12 മാസത്തിനുള്ളിൽ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2018 ഓഗസ്റ്റിന് ശേഷം ഇത് ആദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. സെപ്റ്റംബറിൽ അപെക്സ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് (ബിപിഎസ്) വർധിപ്പിച്ച് 5.9 ശതമാനമാക്കിയിരുന്നു. ഓഗസ്റ്റിലെ ഓഫ് സൈക്കിൾ മോണിറ്ററി പോളിസി അവലോകനത്തിൽ, ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകൾ (ബിഎസ്പി) വർദ്ധിപ്പിച്ച് 5.4 ശതമാനമാക്കി. നേരത്തെ മെയ് മാസത്തിൽ ആർബിഐ പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് അഥവാ 0.40 ശതമാനം മുതൽ 4.40 ശതമാനം വരെ ഉയർത്തിയിരുന്നു. തുടർന്ന് വീണ്ടും ജൂണിൽ ആർബിഐ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.90 ശതമാനമായി ഉയർത്തി.

logo
The Fourth
www.thefourthnews.in