2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന ദിവസം നാളെ; സമയപരിധി നീട്ടാന്‍ സാധ്യതയെന്ന് റിപ്പോർട്ട്
രാജ്യത്ത് പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബർ അവസാനം വരെ നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും കൈമാറുന്നതിനുമുള്ള സമയപരിധി സെപ്റ്റംബർ 30ൽ നിന്ന് ഒരു മാസത്തേക്ക് കൂടി നീട്ടുമെന്ന് ആർബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്തു. പ്രവാസികളായ ഇന്ത്യക്കാരെയും, വിദേശത്തുള്ള മറ്റുള്ളവരെയും കണക്കിലെടുത്താണ് തീയതി നീട്ടാനുള്ള ചർച്ചകളെന്ന് അദ്ദേഹം പറഞ്ഞു. മെയ് 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. കൈവശമുള്ള നോട്ടുകൾ നിക്ഷേപിക്കാനും കൈമാറ്റം ചെയ്യാനുമായി നാല് മാസത്തെ സമയവും അനുവദിച്ചിരുന്നു. നോട്ടുകൾ ഏത് ബാങ്കിന്റെയും ശാഖയിൽ നിക്ഷേപിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാമെന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇപ്പോഴും ഏകദേശം 240 ബില്യൺ രൂപ വിലയുള്ള നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു
പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി സെപ്റ്റംബർ 2ന് ആർബിഐ അറിയിച്ചു. ഇവയിൽ 87 ശതമാനവും നിക്ഷേപ രൂപത്തിലാണെന്നും ബാക്കി 13 ശതമാനം മൂല്യമുള്ള മറ്റ് നോട്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഇപ്പോഴും ഏകദേശം 240 ബില്യൺ രൂപ വിലയുള്ള നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 3.56 ട്രില്യൺ രൂപയിൽ ഭൂരിഭാഗവും കൈമാറ്റം ചെയ്യപ്പെട്ടു. ഏഴ് ശതമാനം നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലാണ്. സമയപരിധി അവസാനിച്ച ശേഷവും 2000 രൂപ നോട്ടുകൾ നിയമവിധേയമായി തുടരും. ഈ സാഹചര്യത്തിൽ, കൈവശമുള്ള ബാക്കി നോട്ടുകൾ ആർബിഐ വഴി മാത്രമേ കൈമാറ്റം ചെയ്യാൻ സാധിക്കൂ. നിലവിൽ സെപ്റ്റംബർ 30 വരെ ആർബിഐയുടെ റീജിയണൽ ഓഫീസുകളിലോ അടുത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖയിലോ നോട്ടുകൾ മാറാനുള്ള അവസരമുണ്ട്.
കൈവശമുള്ള 2000 രൂപ നോട്ടുകള്‍ എങ്ങനെ മാറാം
. അടുത്തുള്ള ബാങ്ക് സന്ദർശിക്കുക
. നോട്ട് കൈമാറാനോ നിക്ഷേപിക്കാനോ ഉള്ള ഫോം പൂരിപ്പിച്ച് കൊടുക്കാം
. നിക്ഷേപകന്റെ പേര് വലിയ അക്ഷരങ്ങളിൽ എഴുതാൻ ശ്രദ്ധിക്കണം
. ആധാർ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വോട്ടർ ഐഡി, പാസ്പോർട്ട് നമ്പർ എന്നിങ്ങനെ ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകുക
. എത്ര നോട്ടുകളാണ് കൈമാറേണ്ടതെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ എഴുതി ചേർക്കാം