'സാമ്പത്തിക സ്ഥിതിക്ക് വെല്ലുവിളി'; പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതിനെതിരെ ആര്‍ബിഐ
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് മടങ്ങാന്‍ പദ്ധതിയിടുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. പഴയ പെന്‍ഷന്‍ സംവിധാനം രാജ്യത്തിന്റെ ഉപദേശീയ സാമ്പത്തിക സ്ഥിതിക്ക് വെല്ലുവിളിയാകുമെന്നാണ് ആര്‍ബിഐയുടെ നിലപാട്. പഴയ പദ്ധതിയിലേക്ക് മടങ്ങിയാല്‍ ഭാവിയില്‍ സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ ബാധ്യതകള്‍ കുമിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്. ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്.
മൂലധന നിക്ഷേപം നടപ്പാക്കേണ്ടത് ആരോഗ്യം, വിദ്യാഭ്യാസം, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളിലാണ്. പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാമ്പത്തിക ലാഭം ചെറിയ കാലയളവിലേക്ക് മാത്രമാണ് നിലനില്‍ക്കുക. നിലവിലെ ചെലവുകള്‍ ഭാവിയിലേക്ക് മാറ്റിവെക്കുന്നതിലൂടെ വലിയ സാമ്പത്തിക വെല്ലുവിളികളായി മാറിയേക്കാമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്.
2004-ൽ മൻമോഹൻ സിങ് സർക്കാർ നടപ്പിലാക്കിയ ദേശീയ പെൻഷൻ സമ്പ്രദായത്തില്‍ നിന്നുള്ള മാറ്റം കൂടിയാണ് സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കുന്നത്. സാമ്പത്തിക വിദഗ്ധനുമായ മൊണ്ടേക് സിംഗ് അലുവാലിയ ഉൾപ്പെടെ നിരവധി പേരാണ് സംസ്ഥാനങ്ങളുടെ നീക്കത്തെ വിമർശിച്ച് രംഗത്തെ് വന്നത്. വിരമിച്ച സർക്കാർ ജീവനക്കാർക്ക് പ്രതിമാസ പെൻഷനായി അവസാനത്തെ ശമ്പളത്തിന്റെ 50% വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
സംസ്ഥാനങ്ങൾ ഉയർന്ന മൂലധനച്ചെലവിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആർബിഐ
അതേസമയം, സംസ്ഥാനങ്ങളിലുടനീളമുള്ള സാമ്പത്തിക സ്ഥിതിയിലെ പുരോഗതിയും ബജറ്റിന് പുറത്തുള്ള വായ്പകളുടെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരവും ആർബിഐ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾ ഉയർന്ന മൂലധനച്ചെലവിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആർബിഐ നിർദ്ദേശിച്ചു. കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും ഇത് സംസ്ഥാന ജിഡിപിക്ക് ഗുണം ചെയ്യുമെന്നാണ് ആർബിഐയുടെ വാദം. വരുമാനമുള്ള സമയങ്ങളിൽ പണം മാറ്റിവെക്കുന്ന തരത്തിലുള്ള കാപെക്‌സ് ബഫർ ഫണ്ടുകൾ സ്ഥാപിക്കാനും റിപ്പോർട്ടില്‍ നിർദ്ദേശിക്കുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാർച്ചിൽ രാജസ്ഥാനന്റെ വാർഷിക ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് പഞ്ചാബ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ദേശീയ പെൻഷൻ സ്കീം (എൻപിഎസ്) നിർത്തലാക്കി പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ഹിമാചല്‍ പ്രദേശില്‍ സുഖ്‌വീന്ദര്‍ സിങ് സുഖു സർക്കാർ അധികാരത്തിലെത്തിയപ്പോള്‍ തന്നെ പ്രചാരണ സമയത്ത് പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു.
സംസ്ഥാനങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ ജീവനക്കാരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജീവനക്കാരുടെ സംഘടനകളെ ഓൺലൈൻ യോഗത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ അത് നിരാകരിച്ച സംഘടനകൾ ധനമന്ത്രിയുമായി നേരിട്ട് യോഗം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്താണ് പഴയ പെൻഷൻ സ്കീം
സർവീസിൽ നിന്നും പിരിഞ്ഞതിന് ശേഷം ശമ്പളത്തിന്റെ പകുതി പെൻഷനായി നൽകുന്നതാണ് ഈ സ്കീമിന്റെ പ്രത്യേകത. ജെനറൽ പ്രൊവിഡന്റെ ഫണ്ട് (ജിപിഎഫ്), 20 ലക്ഷം രൂപ വരെ ഗ്രാറ്റിവിറ്റി, ആറ് മാസം കൂടുമ്പോൾ ക്ഷാമബത്തയുടെ (ഡിഎ) വർധനവ് തുടങ്ങിയവയെല്ലാം പഴയ സ്കീമിന്റെ ഗുണങ്ങളാണ്. സർക്കാരിന്റെ ട്രെഷറി വഴിയാണ് പണമിടപാട്. കൂടാതെ പെൻഷൻ ഉപഭോക്താവ് മരണപ്പെട്ടാൽ ആ പെൻഷൻ തുക കുടുംബത്തിലെ മറ്റുള്ളവർക്ക് ലഭിക്കും. ഈ സ്കീമിനായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുകയൊന്നും തന്നെ ഈടാക്കില്ല.