നാഗാലാന്‍ഡിലെ നാല് ബൂത്തുകളില്‍ റീ പോളിങ്

നാഗാലാന്‍ഡിലെ നാല് ബൂത്തുകളില്‍ റീ പോളിങ്

മാര്‍ച്ച് രണ്ടിനാണ് ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ
Updated on
1 min read

തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാഗാലാൻഡിലെ നാല് പോളിങ് സ്റ്റേഷനുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തുന്നു. സുൻഹെബോട്ടോ മണ്ഡലത്തിലെ ന്യൂ കോളനി പോളിംഗ് സ്റ്റേഷൻ, സാനിസ് മണ്ഡലത്തിലെ പാങ്തി വി, ടിസിത് മണ്ഡലത്തിലെ ജബോക വില്ലേജ്, തോനോക്നു മണ്ഡലത്തിലെ പാത്സോ ഈസ്റ്റ് വിങ് എന്നിവിടങ്ങളിലാണ് റീപോളിങ്. രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടിങ് സമയം. ഫെബ്രുവരി 27നാണ് നാഗാലാൻഡിലും മേഘാലയയിലും വോട്ടെടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 5710 പോളിങ് ബൂത്തുകളിൽ സമാധാനപരമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ നാല് പോളിങ് ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് അസാധുവാണെന്ന് അറിയിച്ച് ചൊവ്വാഴ്ചയാണ് നാഗാലാ‌ൻഡ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചത്.

റീപോളിങ്ങിനെ പറ്റി വോട്ടർമാരെ അറിയിക്കാൻ ആവശ്യമായ പ്രചാരണം ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശിച്ചിരുന്നു. പ്രസ്തുത പോളിങ് സ്റ്റേഷനുകളിൽ ഡ്രം അടിച്ചോ മറ്റേതെങ്കിലും സൗകര്യപ്രദമായ രീതിയിലോ വോട്ടെടുപ്പ് വീണ്ടും നടക്കുന്നെന്ന പ്രചാരണം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു നിര്‍ദേശം. ഈ പോളിങ് സ്റ്റേഷനുകളിലെ എല്ലാ രേഖകളുടെയും സൂക്ഷ്മപരിശോധന വോട്ടിങ് കഴിഞ്ഞയുടൻ നടത്തണം. വ്യാഴാഴ്ചയാണ് ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ .

logo
The Fourth
www.thefourthnews.in