കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാർ, തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേത്; കേന്ദ്രം സുപ്രീംകോടതിയിൽ
ജമ്മു കശ്മീരില്‍ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയാറാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊടുക്കുക, തിരഞ്ഞെടുപ്പ് നടത്തുക എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രം നിലപാട് അറിയിച്ചത്. എന്നാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പറയാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ സമയപരിധി പറയാനാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജമ്മുകശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താത്കാലികമായിരിക്കുമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ബോധിപ്പിച്ചു.
ജമ്മു കശ്മീരിൽ സ്ഥിരത ഉറപ്പാക്കാനുള്ള പ്രവർത്തനനത്തിലാണ് സർക്കാരെന്ന് തെളിയിക്കാൻ നിരവധി കണക്കുകളും സോളിസിറ്റർ ജനറൽ നിരത്തി. 2019-ന് മുൻപുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, തീവ്രവാദ പ്രേരിത സംഭവങ്ങൾ 42.5 ശതമാനം കുറഞ്ഞു, നുഴഞ്ഞുകയറ്റങ്ങളിൽ 90.20 ശതമാനം കുറവുണ്ടായി. ക്രമസമാധാന നില, കല്ലേറ് മുതലായവ 92 ശതമാനം വരെ ഇല്ലാതായി. സുരക്ഷാ ജീവനക്കാരുടെ മരണനിരക്ക് 69.5 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സമയം ഇടപെട്ട അഭിഭാഷകൻ കപിൽ സിബൽ എല്ലാവരെയും വീട്ടുതടങ്കലിലാകുക, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുക, നിരോധനാജ്ഞ പ്രഖ്യാപിക്കുക എന്നീ നടപടികൾക്ക് ശേഷം സ്ഥിരത പുനഃസ്ഥാപിക്കുന്നു എന്ന് പറയുന്നതിൽ കാര്യമില്ലെന്ന് പറഞ്ഞു. "5000 പേരെ വീട്ടുതടങ്കലിൽ ആകുകയും സംസ്ഥാനം മുഴുക്കെ 144 പ്രഖ്യാപിക്കുകയും ചെയ്താൽ പിന്നെ ബന്ദ് ഉണ്ടാകില്ല" അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ സ്ഥിരത പുനഃസ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും സംസ്ഥാന പദവിയുടെ കാര്യം തീരുമാനിക്കുമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയാറാണ്. വോട്ടർ പട്ടിക തയാറാക്കുന്ന പ്രക്രിയ നടക്കുകയായണെന്നും ഏകദേശം തീരാറായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര- സംസ്ഥാന കമ്മീഷനുകളാണ് തീയതികൾ പ്രഖ്യാപിക്കുക. ത്രിതല തിരഞ്ഞെടുപ്പായിരിക്കും നടക്കുക. ലേയിലെ ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും കാർഗിലിലേത് ഈ മാസം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ലഡാക്കിന്റെ കേന്ദ്രഭരണ പദവി തുടരുമെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരിക്കുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്തതുപോലെ, ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഫെഡറലിസത്തിന് അനുസൃതമാണോ എന്നും ദേശസുരക്ഷാ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെന്നിരിക്കെ തന്നെ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ചൊവ്വാഴ്ച കോടതി നിരീക്ഷിച്ചിരുന്നു.