യോഗി ആദിത്യനാഥ്,   ഡോ സി എൻ അശ്വത്നാരായണൻ.
യോഗി ആദിത്യനാഥ്, ഡോ സി എൻ അശ്വത്നാരായണൻ.

'ഏറ്റുമുട്ടല്‍ കൊലയ്ക്ക് തയ്യാര്‍, യോഗിയേക്കാള്‍ തീവ്രമാകും'; കര്‍ണാടക മന്ത്രി

പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലകളിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി നല്‍കി
Updated on
2 min read

ദേശവിരുദ്ധ ഘടകങ്ങളെ നേരിടാൻ ഉത്തര്‍ പ്രദേശിലെ യോഗി മോഡൽ സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് കര്‍ണാടകയിലെ മന്ത്രിമാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത്നാരായണൻ ആണ് പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തിയത്.

യോഗി യുപിയിൽ നടത്തുന്നതിനേക്കാൾ അഞ്ചിരട്ടി തീവ്രമായ നടപടികൾ കർണാടകയിൽ നടപ്പിലാക്കും. കൊലപാതകങ്ങൾ നടത്തുന്നവരെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാൻ മടിക്കില്ലെന്നും മന്ത്രി ഡോ. സിഎൻ അശ്വത്നാരായണൻ വ്യക്തമാക്കി. കേരള -കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന സുള്ള്യയിൽ ചൊവ്വാഴ്ച നടന്ന യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം സംബന്ധിച്ച് വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള -കര്‍ണാടക അതിര്‍ത്തിയിലുള്ള ദക്ഷിണ കന്നഡ ജില്ലയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയത്

കേരള -കര്‍ണാടക അതിര്‍ത്തിയിലുള്ള ദക്ഷിണ കന്നഡ ജില്ലയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയത്. ജൂലൈ 21ന് ബെല്ലാരെയിൽ മസൂദ് ബി, ജൂലൈ 26ന് യുവമോർച്ച പ്രവർത്തകനായ പ്രവീൺ നെട്ടാരെ , ജൂലൈ 28ന് മംഗളൂരുവിലെ സൂറത്ത്കലിൽ ഫാസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രവീണിന്റെ കൊലപാതകത്തില്‍ ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിയിലായ എല്ലാവരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഘർഷാവസ്ഥ തുടരുന്ന ദക്ഷിണ കന്നടയിൽ നിരോധനാജ്ഞയും തുടരുകയാണ്.

ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നാല്‍ സര്‍ക്കാരിനൊപ്പം ഉണ്ടാകും അല്ലെങ്കില്‍ രാജിവയ്ക്കും

ഹൊന്നാലി എംഎല്‍എ എം.പി. രേണുകാചാര്യ

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം കര്‍ണാടക ബിജെപിയില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പാർട്ടി അണികളിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയരുകയാണ്. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലകളിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി നല്‍കി.

ഭരണകക്ഷിയിലെ എംഎല്‍എമാര്‍ പോലും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെങ്കില്‍ അധികാരത്തില്‍ തുടരുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നാല്‍ സര്‍ക്കാരിനൊപ്പം ഉണ്ടാകും അല്ലെങ്കില്‍ രാജിവയ്ക്കുമെന്നാരോപിച്ച് ഹൊന്നാലി എംഎല്‍എ എം.പി. രേണുകാചാര്യയും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പ്രസ്താവന.

ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണവർ. ഇത്തരം കുറ്റവാളികളെയും കൊലപാതകികളെയും നിഷ്കരുണം നേരിടുമെന്ന് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് അതുകൊണ്ടാണ്. ഏറ്റുമുട്ടലുകൾ കൊലപാതകങ്ങൾ നടത്താൻ പോലും ഞങ്ങൾ തയ്യാറാണ്

മന്ത്രി അശ്വത്നാരായണൻ

"പ്രകോപനങ്ങളിലൂടെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണവർ. ഇത്തരം കുറ്റവാളികളെയും കൊലപാതകികളെയും നിഷ്കരുണം നേരിടുമെന്ന് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് അതുകൊണ്ടാണ്. ഏറ്റുമുട്ടലുകൾ കൊലപാതകങ്ങൾ നടത്താൻ പോലും ഞങ്ങൾ തയ്യാറാണ്" മന്ത്രി അശ്വത്നാരായണൻ പറഞ്ഞു. ഇനിയൊരു കൊലപാതകത്തെ പറ്റി ചിന്തിക്കാൻ പോലും തോന്നാത്ത രീതിയിൽ ഇത്തരക്കാരെ നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

"നിരപരാധിയുമായ ഒരു മനുഷ്യൻ കൊല്ലപ്പെട്ടു. തന്റെ വിശ്വാസങ്ങൾക്കും മനസ്സാക്ഷിക്കും അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇങ്ങനെയൊരു മനുഷ്യൻ കൊല്ലപ്പെടുമ്പോൾ ആർക്കും അത് അംഗീകരിക്കാൻ കഴിയില്ല. നാമെല്ലാവരും ഈ കുറ്റകൃത്യത്തെ ശക്തമായ വാക്കുകളിൽ അപലപിക്കണം. എല്ലാവര്‍ക്കും വലിയ സങ്കടവും അമര്‍ഷവുമുണ്ട്. '' അശ്വത്നാരായണൻ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ
മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ

നെട്ടാരുവിന്റെ കൊലയാളികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപിയും സംഘപരിവാർ അനുകൂലികളും "യോഗി മോഡൽ" നടപടി ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ സാഹചര്യത്തിന്, യോഗി ആദിത്യനാഥ് തന്നെയാണ് ശരിയായ മുഖ്യമന്ത്രി. ആവശ്യമെങ്കിൽ കർണാടകയിലും യോഗി മോഡൽ സർക്കാർ വരുമെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുടെ പ്രതികരണം. നെട്ടാരുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുമെന്നും അന്തർ സംസ്ഥാന ബന്ധങ്ങളുള്ള സംഘടിത കുറ്റകൃത്യമാണിതെന്നും ബൊമ്മെ പറഞ്ഞു.

logo
The Fourth
www.thefourthnews.in