'നിരുപാധികം മാപ്പ് പറയാം';  കോടതിയലക്ഷ്യ കേസിൽ അർണബ് ഗോസ്വാമി

'നിരുപാധികം മാപ്പ് പറയാം'; കോടതിയലക്ഷ്യ കേസിൽ അർണബ് ഗോസ്വാമി

ഒരാഴ്ചക്കുള്ളിൽ നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് ഡൽഹി ഹൈക്കോടതിയിൽ അർണബിന്റെ അഭിഭാഷകൻ അറിയിച്ചു
Updated on
1 min read

പരിസ്ഥിതി പ്രവർത്തകനും എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (teri) മുൻ മേധാവിയുമായ ആർ കെ പച്ചൗരി നൽകിയ കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. ഒരാഴ്ചയ്ക്കുള്ളിൽ നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് ഡൽഹി ഹൈക്കോടതിയിൽ അർണബിന്റെ അഭിഭാഷകൻ അറിയിച്ചു.

ടെറിയുടെ ഗവേഷണ മേധാവിയായിരിക്കെ സഹപ്രവർത്തകരിൽ ഒരാളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണം പച്ചൗരിക്കെതിരെ ഉയർന്നിരുന്നു. കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ "മാധ്യമ പ്രവർത്തന മാനദണ്ഡങ്ങൾ" പാലിക്കണമെന്ന കോടതി ഉത്തരവുകൾ മാധ്യമ സ്ഥാപനങ്ങൾ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി പച്ചൗരി ഹർജി സമർപ്പിച്ചിരുന്നു. മാധ്യമ വിചാരണയ്‌ക്ക് വിധേയമാക്കുകയാണെന്നും റിപ്പോർട്ടുകൾ അപകീർത്തികരവും കേസിനെ കുറിച്ച് മുൻവിധിയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഈ കേസിലാണ് ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് അർണബ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് പുറമെ ബെന്നറ്റ് & കോൾമാൻ , ദ എക്കൊണോമിക് ടൈംസ്, രാഘവ് ഒഹ്‌രി, പ്രണോയ് റോയ് എന്നിവർക്കെതിരെയും പച്ചൗരി പരാതി നൽകിയിരുന്നു. ഇക്കണോമിക് ടൈംസും അതിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രാഘവ് ഒഹ്‌രിയും ഇതിനകം വിഷയത്തിൽ നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്.

ഇക്കണോമിക് ടൈംസിനും രാഘവ് ഒഹ്‌രിക്കും വേണ്ടി ഹാജരായ അഭിഭാഷകരും തങ്ങളുടെ കക്ഷികൾ നിരുപാധികം മാപ്പ് പറഞ്ഞ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. പ്രണോയ് റോയിയുടെ അഭിഭാഷകൻ പ്രതികരണം ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സ്വീകരിക്കാൻ സമയം തേടി. ഹർജി ഫയൽ ചെയ്യുന്ന സമയത്ത് അർണബ് ടൈംസ് നൗവിന്റെ എഡിറ്ററും പ്രണോയ് റോയ് എൻഡിടിവിയുടെ എക്‌സിക്യൂട്ടീവ് കോ-ചെയർപേഴ്‌സണുമായിരുന്നു.

ഏപ്രിൽ 29ന് കേസിൽ വീണ്ടും വാദം കേൾക്കും.

logo
The Fourth
www.thefourthnews.in