രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ശ്രീലങ്കയിലേക്ക് വിടാൻ സമ്മതം; മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ശ്രീലങ്കൻ പൗരന്മാരായ നാല് പ്രതികളെ മാതൃരാജ്യത്തേക്ക് നാടുകടത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പ്രതികളായ മുരുകന്‍ , ശാന്തൻ , ജയകുമാർ , റോബർട്ട് പയസ് എന്നിവർ നൽകിയ ഹർജിയിൽ കോടതി നോട്ടീസിന് മറുപടിയായാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
2022 മെയ് മാസം കേസിലെ പ്രതികളായിരുന്ന ഇന്ത്യൻ പൗരന്മാരുമായ പേരറിവാളൻ, നളിനി എന്നിവർക്കൊപ്പം ജയിൽ മോചിതരായെങ്കിലും ഇവരെ തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരന്മാരായ പ്രതികളെ പാർപ്പിക്കുന്ന പ്രത്യേക ക്യാമ്പിൽ അടയ്ക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇന്ത്യ വിടാൻ താല്പര്യം പ്രകടിപ്പിച്ച് ഇവർ കോടതിയെ സമീപിച്ചത്.
പ്രതികൾക്കാർക്കും തന്നെ ശ്രീലങ്കൻ പാസ്പോർട്ട് ഇല്ല. വർഷങ്ങള്‍ക്ക് മുൻപ് കടൽ മാർഗം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയവരാണിവർ
പ്രതികളിൽ ശാന്തൻ മാത്രമാണ് മാതൃ രാജ്യമായ ശ്രീലങ്കയിലേക്ക് മടങ്ങിപോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ യൂറോപ്യൻ രാജ്യങ്ങളിൽ കഴിയുന്ന ബന്ധുക്കൾക്കൊപ്പം ആശ്രിത വിസയിൽ ഇന്ത്യ വിടാനാണ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിന് സാങ്കേതിക തടസങ്ങൾ ഏറെയാണ്. പ്രതികൾക്കാർക്കും തന്നെ ശ്രീലങ്കൻ പാസ്പോർട്ട് ഇല്ല. വർഷങ്ങള്‍ക്ക് മുൻപ് കടൽ മാർഗം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയവരാണിവർ. ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം ( എൽടിടിഇ ) പ്രവർത്തകരായാണ് ഇവർ തമിഴ്‌നാട്ടിൽ കഴിഞ്ഞിരുന്നത്. ഇന്ത്യ ഇവരെ മാതൃ രാജ്യത്തേക്ക് നാട് കടത്തണമെങ്കിൽ ഇവർക്ക് ശ്രീലങ്ക പാസ്പോർട്ട് അനുവദിക്കണം. കേന്ദ്ര സർക്കാർ അപേക്ഷിച്ചാൽ മാത്രമേ അതിനുള്ള നീക്കം ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകൂ. രാജ്യം വിടാൻ ഇന്ത്യ തന്നെ ഒറ്റ തവണ ഉപയോഗിക്കാവുന്ന പാസ്പോർട്ട് പ്രതികൾക്ക് അനുവദിക്കുക എന്നതാണ് മറ്റൊരു പോംവഴി. രാജ്യത്തെ പ്രധാനമന്ത്രി കൊല്ലപ്പെട്ട കോളിളക്കം സൃഷ്‌ടിച്ച കേസിലെ പ്രതികളായതിനാൽ കേന്ദ്ര സർക്കാർ അതിന് മുതിരാനിടയില്ല.
പ്രതികളെ മാതൃ രാജ്യത്തേക്ക് മടക്കി വിടുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ച സാഹചര്യത്തിൽ പ്രതികൾക്ക് ശ്രീലങ്കൻ പാസ്പോർട്ട് ലഭ്യമാക്കുന്ന കാര്യത്തിൽ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നോർവേ, സ്വീഡൻ, ലണ്ടൻ എന്നീ രാജ്യങ്ങളിലാണ് പ്രതികളുടെ ബന്ധുക്കൾ കഴിയുന്നത്. 1991 മെയ് 21ന് ആയിരുന്നു തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വച്ച് മനുഷ്യ ബോംബ് പൊട്ടിത്തെറിച്ചു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന മരതകം ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു രാജീവ്. ശ്രീലങ്കൻ തമിഴ് വിമോചന പ്രസ്ഥാനമായ എൽടിടിഇ ആയിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടർന്നായിരുന്നു 26 പേരെ കുറ്റവാളികളായി (13 ഇന്ത്യക്കാരും 13 ശ്രീലങ്കൻ പൗരന്മാരും ) പ്രഖ്യാപിച്ചത്.