ജാമ്യം ലഭിച്ചിട്ടും സിദ്ദീഖ് കാപ്പന്റെ മോചനം വൈകിയത്
എന്തുകൊണ്ട്?

ജാമ്യം ലഭിച്ചിട്ടും സിദ്ദീഖ് കാപ്പന്റെ മോചനം വൈകിയത് എന്തുകൊണ്ട്?

യുഎപിഎ കേസിൽ സെപ്റ്റംബറിലും ഇഡി കേസിൽ ഡിസംബറിലാണ് കാപ്പന് ജാമ്യം ലഭിക്കുന്നത്.മോചനം വൈകിപ്പിക്കില്ലെന്ന അലഹബാദ് കോടതിയുടെ ഉറപ്പും പാഴ്വാക്കായി
Updated on
2 min read

ഒരു കേസിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് മോചിതനാകാൻ വീണ്ടും കാലതാമസം ഉണ്ടാകുന്നത് രാജ്യത്ത് പതിവുള്ള കാഴ്ചയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള താമസമാണ് പലപ്പോഴും തടസമാകാറുള്ളത്. അതിന്റെ സമീപകാല ഉദാഹരണമാണ് മലയാളി മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പൻ. കാപ്പന്റെ പേരിലുണ്ടായിരുന്ന എല്ലാ കേസുകളിലും ജാമ്യം ലഭിച്ചെങ്കിലും 40 ദിവസമാണ് കാപ്പൻ്റെ മോചനം വൈകിയത്.യുഎപിഎ കേസിൽ സെപ്റ്റംബറിലും ഇഡി കേസിൽ ഡിസംബറിലുമാണ് കാപ്പന് ജാമ്യം ലഭിക്കുന്നത്. കള്ളപ്പണ കേസിൽ ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി, കാപ്പന്റെ ജയിൽ മോചനം വൈകിപ്പിക്കില്ലെന്ന ഉറപ്പും നൽകിയിരുന്നു. എന്നാൽ അതൊന്നും പാലിക്കപ്പെട്ടില്ല.

സമയമെടുക്കുന്ന പ്രക്രിയ ആണെങ്കിലും കാപ്പന്റെ കാര്യത്തിൽ സാധാരണയിലും താമസിച്ചു. ജാമ്യം ലഭിച്ച് 39 ദിവസങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു.

എന്തുകൊണ്ട് ജയിൽ മോചനം ഇത്ര വൈകി?

2020 ഒക്ടോബറിൽ അറസ്റ്റിലായ സിദ്ദീഖ് കാപ്പന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആറ് ആഴ്ച ഡൽഹിയിൽ തുടരണമെന്നും അതിന് ശേഷം അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാമെന്നും കോടതി ഉപാധി വെച്ചിരുന്നു. പിന്നാലെ, വിചാരണ കോടതിയിൽ ഹാജരാക്കിയപ്പോൾ കാപ്പനോട് ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് യുപി സ്വദേശികളുടെ ജാമ്യവും അതേ തുകയുടെ വ്യക്തിഗത ബോണ്ടും നൽകാൻ അഡീഷണൽ സെഷൻസ് ജഡ്ജി അനുരോദ് മിശ്ര നിർദ്ദേശിച്ചു. യുപി സ്വദേശികൾ തന്നെ വേണമെന്ന വ്യവസ്ഥ മോചനം വൈകാനുള്ള കാരണങ്ങളിൽ ഒന്നാണ്. അതോടെ യുഎപിഎ കേസിലെ നടപടി ക്രമങ്ങള്‍ വൈകി. പിന്നീടാണ് ലക്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രൂപ് രേഖ വർമ ജാമ്യം നിൽക്കാനുള്ള സന്നദ്ധത അറിയിച്ചത്.

ജാമ്യം ലഭിച്ചിട്ടും സിദ്ദീഖ് കാപ്പന്റെ മോചനം വൈകിയത്
എന്തുകൊണ്ട്?
സിദ്ദീഖ് കാപ്പന് ജാമ്യം; ആറാഴ്ച കഴിഞ്ഞ് കേരളത്തിലേക്ക് പോകാമെന്ന് സുപ്രീംകോടതി

അടുത്തൊരു പ്രധാന തടസമായി വന്നത് കാപ്പനെതിരെ ഉണ്ടായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൻ്റെ കേസായിരുന്നു. കാപ്പന്റെ അക്കൗണ്ടിലുണ്ടായിരുന്ന 45,000 രൂപ ചൂണ്ടിക്കാട്ടിയായിരുന്നു ഇഡിയുടെ കേസ്. പണത്തിന്‌റെ ഉറവിടം വ്യക്തമാക്കാൻ കാപ്പനായില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ കേസിൽ ജാമ്യത്തിനായി പല തവണ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് മാറ്റിവയ്ക്കുക ആയിരുന്നു. ഒടുവിൽ ഡിസംബർ 23ന് പ്രിവൻഷൻ ഓഫ് മണി ലോൻഡെറിംഗ് ആക്ട് അനുസരിച്ച് കുറ്റം ചുമത്താൻ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദിനേശ് കുമാർ അധ്യക്ഷനായ സിംഗിൾ ബെഞ്ച് കാപ്പന് ജാമ്യം അനുവദിച്ചു.

ജാമ്യം ലഭിച്ചിട്ടും സിദ്ദീഖ് കാപ്പന്റെ മോചനം വൈകിയത്
എന്തുകൊണ്ട്?
ഇ ഡി കേസില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കേസിലുണ്ടായ കാലതാമസം കണക്കിലെടുത്ത് ജാമ്യം ലഭിക്കാനുള്ള നടപടികൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്ന് കോടതി ഉറപ്പ് നൽകിയിരുനെങ്കിലും അതും പാലിക്കപ്പെട്ടില്ല. കൂടാതെ യുഎപിഎ കേസിന് സമാനമായ ജാമ്യോപാധിയും ഉണ്ടായിരുന്നു.

കേസില്‍ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചെങ്കിലും ജാമ്യം നിൽക്കുന്നവരുടെ വെരിഫിക്കേഷൻ നടപടികൾ വൈകിയതോടെ മോചനവും വൈകുകയായിരുന്നു. ഉത്തർപ്രദേശിലെ അക്രെഡിറ്റഡ് മാധ്യമപ്രവർത്തകനായ കുമാർ സൗവീർ സാറാണ് ജാമ്യം നിന്നവരിൽ ഒരാൾ. പ്രാദേശിക അധികാരികളാണ് ജാമ്യം നിൽക്കുന്നവരുടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. സമയമെടുക്കുന്ന പ്രക്രിയ ആണെങ്കിലും കാര്യങ്ങൾ കാപ്പൻ്റെ കേസിൽ പതിവിലും വൈകി. ജാമ്യം ലഭിച്ച് 40 ദിവസങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു.

വെരിഫിക്കേഷൻ നടപടികൾ കോടതിയുടെ അധികാര പരിധിയിൽപ്പെടുന്ന കാര്യമല്ലാത്തതിനാൽ നീതിന്യായ സംവിധാനത്തിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ഇടപെടലുകൾ സാധ്യമല്ല. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിരുന്നില്ല എന്നതും മോചനത്തിന് തിരിച്ചടിയായി. കഴിഞ്ഞ ദിവസം മാത്രമാണ് കാപ്പൻ്റെ ജാമ്യോപാധിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്. മോചനത്തിനുള്ള ഉത്തരവ് ചൊവ്വാഴ്ച തന്നെ അധികൃതർക്ക് കൈമാറുമെന്ന് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരുന്നെങ്കിലും ബുധനാഴ്ചയാണ് കോടതി കത്തയച്ചത്. നീണ്ട രണ്ടേകാൽ വർഷത്തെ വിചാരണ തടവിന് ശേഷമാണ് സിദ്ദീഖ് കാപ്പൻ്റെ മോചനം

logo
The Fourth
www.thefourthnews.in