വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം സ്വത്ത് രേഖകള്‍ തിരികെ നല്‍കണം, അല്ലെങ്കില്‍ പിഴ; ബാങ്കുകളോട് ആര്‍ബിഐ
വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചു നല്‍കി കടം വീട്ടിയ ഉപഭോക്താവിന് 30 ദിവസത്തിനുള്ളിൽ എല്ലാ രേഖകളും തിരികെ നല്‍കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ. അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
വായ്പ തിരിച്ചടച്ച ശേഷവും രേഖകൾക്ക് വേണ്ടി ഉപഭോക്താവ് ബാങ്കിൽ കയറിയിറങ്ങേണ്ട സ്ഥിതി വരാറുണ്ട്. നിയമ കുരുക്കുകളാണ് ഇതിനു കാരണമായി ബാങ്കുകൾ ചൂണ്ടിക്കാണിക്കുന്നത് . ഈ നടപടി ശരിയല്ലെന്നും ഉടനെ ഉപഭോക്താവിന്റെ കൈവശം രേഖകൾ എത്തിക്കണമെന്നുമായിരുന്നു ആർബിഐ ആവശ്യപ്പെട്ടത്.
വായ്പയെടുക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പരിഹരിക്കാനും ഉത്തരവാദിത്തത്തോടെ വായ്പാ ചട്ടം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളാണ് ഇന്ന് ആർബി ഐ മുന്നോട്ട് വച്ചത്. കടം വാങ്ങുന്നവർക്ക് ബാങ്കിംഗ് ഔട്ട് ലെറ്റിൽ നിന്നോ ലോൺ ലഭിച്ച ശാഖയിൽ നിന്നോ മറ്റേതെങ്കിലും ഓഫീസിൽ നിന്നോ യഥാർഥ രേഖകൾ സ്വന്തമാക്കാനുള്ള ഓപ്ഷൻ നൽകണമെന്നാണ് നിർദേശം.
ഉപഭോക്താവിന് മരണം സംഭവിക്കുകയാണെങ്കിൽ പോലും നിയമപരമായ അവകാശികൾക്ക് അവരുടെ സ്വത്തിന്റെ യഥാർഥ രേഖകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം ബാങ്കിനാണെന്നും ആർബിഐ അറിയിച്ചു. . ഇത്തരം നടപടിക്രമങ്ങളും സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തണം.
രേഖകൾ ഉപഭോക്താവിന് നൽകുന്നതിൽ കാലതാമസമുണ്ടാകുകയാണെങ്കിൽ നഷ്ടപരിഹാരം ഈടാക്കുമെന്നും ആർബിഐ അറിയിച്ചു. കാലതാമസമുണ്ടാകുന്ന സന്ദർഭങ്ങളിൽ കാലതാമസം വരുന്ന ഓരോ ദിവസത്തിനും 5000 രൂപ ഉപഭോക്താവിന് നൽകണമെന്നാണ് ആർബിഐയുടെ തീരുമാനം.
ഭാഗികമായോ പൂർണ്ണമായോ ഉപഭോക്താവിന്റെ രേഖകൾക്ക് നാശം സംഭവിച്ചാൽ രേഖകൾ പുനർനിർമിക്കുന്നതിന് ഉപയോക്താവിനെ സഹായിക്കുകയും അതിന്റെ ചിലവ് വഹിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ആർബിഐ പറയുന്നു. എന്നിരുന്നാലും അത്തരം സന്ദർഭങ്ങളിൽ പെട്ടന്ന് തന്നെ എല്ലാ നടപടികളും ബാങ്ക് പൂർത്തിയാക്കിയിരിക്കണം. 30 ദിവസമാണ് ഇത്തരം നടപടികൾക്കായി ബാങ്ക് അനുവദിച്ച കാലാവധി.