'മണിപ്പൂരിലെ ആരാധനാലയങ്ങൾക്കും സംരക്ഷണം ഒരുക്കണം': സർക്കാരിനോട് സുപ്രീംകോടതി
മണിപ്പൂരിലെ എല്ലാ ആരാധനാലയങ്ങൾക്കും സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി അന്വേഷണ സമിതി. മേയ് മൂന്ന് മുതൽ നടക്കുന്ന വംശീയ കലാപത്തിൽ മുന്നൂറിലധികം ആരാധനാലയങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് ആവശ്യം. മണിപ്പൂരിലെ അക്രമ സംഭവങ്ങളുടെ മാനുഷികവശങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി സെപ്റ്റംബർ എട്ടിന് സർക്കാരുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
കുടിയിറക്കപ്പെട്ടവരുടേത് ഉൾപ്പെടെ കലാപത്തിൽ നശിപ്പിക്കപ്പെട്ട സ്വത്തിനും സുരക്ഷവേണമെന്നും കയ്യേറ്റം തടയണമെന്നും സമിതി എൻ ബിരേൻ സിങ് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്തെങ്കിലും കാരണവശാൽ കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ അവരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കണം. "സംസ്ഥാനത്തെ മതപരമായ എല്ലാ കെട്ടിടങ്ങളും മണിപ്പൂർ സർക്കാർ കണ്ടെത്തി അവ നിലവിലുണ്ടോ നശിപ്പിക്കപ്പെട്ടോ എന്നെല്ലാം തിരിച്ചറിയണം," ജമ്മു കശ്മീർ ഹൈക്കോടതി ജസ്റ്റിസ് ഗീത മിത്തലിന്റെ അധ്യക്ഷതയിലുള്ള സമിതി പറഞ്ഞു.
കലാപത്തിനിടെ 386 ആരാധനാലയങ്ങൾ തീവച്ച് നശിപ്പിച്ചതായി മണിപ്പൂർ പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ 254 എണ്ണം ക്രിസ്ത്യൻ പള്ളികളും 132 അമ്പലങ്ങളും ഉൾപ്പെടുത്തിരുന്നു. മൊത്തം 5132 കെട്ടിടങ്ങളാണ് ഇത്തരത്തിൽ അഗ്നിക്കിരയായതെന്നും പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ജമ്മുകശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ശാലിനി പി ജോഷി, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ആശ മേനോൻ എന്നിവരാണ് സമിതി അംഗങ്ങൾ. സംസ്ഥാന സർക്കാരിന് നൽകിയ നിർദേശ പ്രകാരം നടപടി സ്വീകരിച്ചില്ലെങ്കിൽ അത് കോടതിയലക്ഷ്യ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ടിൽ സമിതി ആവശ്യപ്പെട്ടിരുന്നു.
മണിപ്പൂരിലെ എല്ലാവിധ സ്വത്തുവകകൾക്കും പുറമെ മേയ് മൂന്നിലെ അക്രമത്തിൽ നശിപ്പിക്കപ്പെട്ടവയുടെ കണക്കുകൾ പ്രത്യേകം തയ്യാറാക്കാമെന്നും സുപ്രീംകോടതി സമിതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതോടെ സംസ്ഥാനത്ത് അരങ്ങേറിയ ആക്രമണങ്ങളുടെ ക്രൂരദൃശ്യങ്ങളും വിവരങ്ങളും പുറത്തുവന്നിരുന്നു. ജൂലൈയിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഘർഷങ്ങൾ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ ആളൊഴിഞ്ഞ കുടുംബവസതി ആൾകൂട്ടം ആക്രമിച്ചിരുന്നു. ആകാശത്തേക്ക് വെടിവച്ചാണ് സുരക്ഷാസേന ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്.