പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്; പിൻവലിക്കണമെന്ന് ബോൺവിറ്റയോട് ദേശീയ ബാലാവകാശ കമ്മീഷൻ

പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്; പിൻവലിക്കണമെന്ന് ബോൺവിറ്റയോട് ദേശീയ ബാലാവകാശ കമ്മീഷൻ

ബോൺവിറ്റയിൽ പഞ്ചസാരയ്ക്കും കൊക്കോയ്ക്കും പുറമെ ക്യാന്‍സറിന് കാരണമാകുന്ന കൊറോലന്റ് അടങ്ങിയിട്ടുണ്ടെന്നാണ് ആരോപണം
Updated on
1 min read

ബോൺവിറ്റയില്‍ അപകടകരമായ പദാർഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന വ്യാപകമായ ആരോപണങ്ങള്‍ക്കിടെ വിശദീകരണം തേടി ദേശീയ ബാലാവകാശ കമ്മീഷൻ. മോണ്ടലസ് ഇന്ത്യയുടെ കീഴില്‍ വരുന്ന ബോണ്‍വിറ്റയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ലേബലുകളും പിൻവലിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിർദേശം.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) മാർഗനിർദേശങ്ങൾ പാലിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് വിരുദ്ധമായ നടപടികളുണ്ടായെന്നുമാണ് കമ്മീഷന്റെ വിലയിരുത്തല്‍.

'ഉത്പന്നത്തില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയും മറ്റ് പദാർഥങ്ങളും മിശ്രിതങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും'എന്ന് മൊണ്ടലസ് ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ പ്രസിഡന്റിന് ദീപക് അയ്യറിന് അയച്ച കത്തില്‍ കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് കമ്മീഷൻ

രാജ്യത്ത് ദശലക്ഷ കണക്കിന് ഉപഭോക്താക്കളുള്ള ബോണവിറ്റയില്‍ പഞ്ചസാരയ്ക്കും കൊക്കോയ്ക്കും പുറമെ ക്യാന്‍സറിന് കാരണമാകുന്ന കൊറോലന്റ് എന്ന വസ്തു അടങ്ങിയിട്ടുണ്ടെന്ന ആരോപണം ആശങ്കകള്‍ക്ക് കാരണമായതോടെയാണ് നടപടി. രേവന്ത് ഹിമത്സിങ്ക എന്ന സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസർ ഇത് ചൂണ്ടിക്കാട്ടി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മോണ്ടലസ് ഇന്ത്യ വക്കീല്‍ നോട്ടീസയച്ചതോടെ ഇയാള്‍ വീഡിയോ പിൻവലിച്ചു. അതേസമയം, കമ്പനി ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ന്യൂട്രീഷനിസ്റ്റും ഹെല്ത്ത് കോച്ചുമാണെന്ന് സ്വയം പരിചയപ്പെടുത്തിയ രേവന്ത് ബോണ്‍വിറ്റയില്‍ അപകടകാരിയായ കൊറോലന്റ് അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു പ്രതികരണം.

മോണ്ടലസ് ഇന്ത്യ വക്കീല്‍ നോട്ടീസയച്ചതോടെ വീഡിയോ പിൻവലിച്ചിരുന്നു

തനിക്ക് ബോണ്‍വിറ്റയ്‌ക്കെതിരെ നിയമ പോരാട്ടത്തിന് പോകാനുള്ള സ്രോതസുകളില്ലെന്നും വീഡിയോ നിര്‍മിച്ചതില്‍ മാപ്പ് പറയുന്നെന്നും വ്യക്തമാക്കിയാണ് രേവന്ത് ഹിമത്സിങ്ക വീഡിയോ പിൻവലിച്ചത്. എന്നാല്‍, വീഡിയോ അശാസ്ത്രീയവും വസ്തുതകളെ വളച്ചൊടിച്ചതുമാണെന്നായിരുന്നു മൊണ്ടലസ് ഇന്ത്യയുടെ പ്രതികരണം. വീഡിയോ ആളുകള്‍ക്കിടയില്‍ ഭയവും ഉത്കണ്ഠയും ഉണ്ടാക്കിയെന്നും ഇത് ബോണ്‍വിറ്റയെ പോലുള്ള ബ്രാന്‍ഡുകള്‍ക്ക് മേലുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്നും കമ്പനി വിശദീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in